Sunday, 20 March 2011

ഒരു നിശ്ചലദൃശ്യ മത്സരത്തിന്റെ ഓര്‍മയ്‌ക്ക്‌

1991-ലെ ഓഗസ്റ്റ്‌ മാസത്തിലെ ഒരു പതിവ്‌ സായാഹ്നം. കൂത്താട്ടുകുളത്തിനടുത്ത്‌ കരിമ്പന എന്ന കൊച്ചുഗ്രാമത്തില്‍ ഒത്തുകൂടിയ ഞങ്ങള്‍ കുറച്ച്‌ സുഹൃത്തുക്കള്‍ ചേര്‍ന്നൊരു തീരുമാനമെടുത്തു. ഇത്തവണ കൈമയുടെ ഓണാഘോഷ സാംസ്‌കാരികഘോഷയാത്രയില്‍ നമുക്കൊരു ടാബ്ലോ അവതരിപ്പിക്കണം.




കൈമയും മത്സരങ്ങളും
കൈമയെന്നത്‌ കൂത്താട്ടുകുളം യംഗ്മെന്‍ അസോസിയേഷന്‍ എന്നതിന്റെ ചുരുക്കപ്പേര്‌. എണ്‍പതുകളിലും തൊണ്ണൂറുകളിലും ഈ പേര്‌ മധ്യകേരളത്തിലെ ഏതൊരു മലയാളിയ്‌ക്കും സുപരിചിതമായിരുന്നു. ഇപ്പോള്‍ കൂത്താട്ടുകുളം സെന്‍ട്രല്‍ ജംഗ്‌ഷനില്‍ രാജീവ്‌ഗാന്ധിയുടെ കരിങ്കല്‍പ്രതിമ സ്ഥാപിച്ചിരിക്കുന്നതിന്‌ സമീപമായിരുന്നു കൈമയുടെ ഓഫീസ്‌. കൈമയുടെ പഴയകാല പ്രതാപം എന്തെന്ന്‌ അറിയണമെങ്കില്‍ അന്നത്തെ ഓണക്കാലത്ത്‌ കൂത്താട്ടുകുളം ടൗണില്‍ അരങ്ങേറിയിരുന്ന സാംസ്‌കാരികഘോഷയാത്ര ഒന്ന്‌ കാണണം. ഇന്ന്‌ 35 വയസെങ്കിലും പ്രായമുള്ള ഇന്നാട്ടുകാരന്‌ ആ മധുരമൂറുന്ന ഓര്‍മ മനസിലുണ്ടാകണം.





തിരുവനന്തപുരം മുതല്‍ പാറശാലവരെയുള്ള അറിയപ്പെടുന്ന പ്രഛന്നവേഷ, ടാബ്ലോ സംഘങ്ങള്‍ അണിനിരക്കുന്ന ഈ ഘോഷയാത്ര കാണാന്‍ സമീപപ്രദേശങ്ങളില്‍ നിന്നെല്ലാം ജനം കൂത്താട്ടുകുളത്തേക്കൊഴുകും. നിലവിലുള്ള യാത്രാസൗകര്യങ്ങളൊന്നും അന്ന്‌ മതിയാവില്ല. ടൗണിലേക്കുള്ള മിക്ക ബസുകളുടെയും മുകള്‍ത്തട്ടില്‍ വരെ അന്ന്‌ യാത്രക്കാരുണ്ടാകും. രണ്ട്‌ മണിക്കൂറോളം നീണ്ട്‌ നില്‍ക്കുന്ന ദൃശ്യവിരുന്നാണ്‌ റോഡുകള്‍ക്കിരുവശവും തിങ്ങി നിറയുന്ന പ്രേക്ഷകരുടെ മുന്നിലൂടെ ഒഴുകി നീങ്ങുന്നത്‌.





ഇതില്‍ ഒരു നിശ്ചലദൃശ്യം അവതരിപ്പിച്ച്‌ മത്സരത്തിന്റെ ഭാഗമാകാനാണ്‌ ഞങ്ങളുടെ നീക്കം. സംഘത്തില്‍ ഞങ്ങള്‍ അഞ്ച്‌ പേരുണ്ട്‌. ഏറ്റവും സീനിയര്‍ ജോസ്‌ വാളന്താനം. അദ്ദേഹം ഇന്ന്‌ കെഎസ്‌ഇബി ഉദ്യോഗസ്ഥനാണ്‌. അടുത്തയാള്‍ നാട്ടില്‍ അറിയപ്പെടുന്ന ചിത്രകലാകാരന്‍ സുനില്‍ പുള്ളോലിക്കല്‍. തമ്പിക്കുഞ്ഞ്‌ എന്ന്‌ ഓമനപ്പേരുള്ള സുനില്‍ നന്നായി ഓടക്കുഴല്‍ വായിക്കും. കൂടാതെ സ്‌കൂള്‍തലം മുതലേ സഹപാഠികളായ മൂന്നുപേര്‍ പ്രിന്‍സും ജിബിയും പിന്നെ ഞാനും. ഞങ്ങളന്ന്‌ പ്രീഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ്‌. ഞാന്‍ മണിമലക്കുന്ന്‌ ഗവണ്‍മെന്റ്‌ കോളജിലും ജിബി തൊടുപുഴ കോ-ഓപ്പറേറ്റീവ്‌ കോളജിലും പ്രിന്‍സ്‌ ഒലിയപ്പുറം വിക്‌ടറി കോളജിലുമാണ്‌ പഠിക്കുന്നത്‌. അമ്പു എന്ന്‌ വിളിക്കപ്പെടുന്ന പ്രിന്‍സ്‌ ഇപ്പോള്‍ കൂത്താട്ടുകുളം ടൗണില്‍ സ്വന്തം ഓട്ടോറിക്ഷ ടാക്‌സിയായി ഓടിക്കുന്നു. ജിബി ന്യൂകേരള ജെന്റ്‌സ്‌ ബ്യൂട്ടി പാര്‍ലര്‍ നടത്തുകയാണ്‌.




ആശയമെത്തുന്നു
ടാബ്ലോയ്‌ക്ക്‌ പറ്റിയ ആശയം അന്വേഷിച്ചുകൊണ്ടിരിക്കെ ജോസുചേട്ടനാണ്‌ കുരിശിന്റെ വഴി എന്ന ചെറുപുസ്‌തകം കൊണ്ടുവന്നത്‌. കത്തോലിക്കാ സഭയുടെ ഒരു പ്രാര്‍ഥനാ പുസ്‌തകമായ ഇതില്‍ 14 സ്ഥലങ്ങള്‍ എന്നറിയപ്പെടുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. അതിലൊന്ന്‌ ഞങ്ങള്‍ തെരഞ്ഞെടുത്തു. ക്രൂശിക്കപ്പെടാനായി വലിയ ഭാരമേറിയ മരക്കുരിശും പേറി ചാട്ടവാറടിയും പീഡനങ്ങളുമേറ്റ്‌ കാല്‍വറി മലയിലേക്ക്‌ നടന്ന്‌ നീങ്ങുന്ന യേശുനാഥന്റെ മുഖം മാര്‍ഗമധ്യേ വെറോനിക്ക എന്ന സ്‌ത്രീ തുണിക്കഷണം ഉപയോഗിച്ച്‌ ഒപ്പിയെടുക്കുന്നതാണ്‌ ആ ചിത്രത്തില്‍. രക്തക്കറയും വിയര്‍പ്പും ചേര്‍ന്ന്‌ ആ തിരുമുഖം തുണിയില്‍ പതിയുന്നു.





ഈ ദൃശ്യം അവതരിപ്പിക്കാന്‍ രണ്ട്‌ പേര്‍ കൂടി വേണം. രാജു കുന്നുംപുറത്ത്‌, സജി എന്നിങ്ങനെ രണ്ട്‌ പേരെക്കൂടി സംഘത്തിലുള്‍പ്പെടുത്തി. വേഷവും നിശ്ചയിച്ചു. യേശുവിന്റെ ഭാഗം അവതരിപ്പിക്കേണ്ടത്‌ ജിബിയാണ്‌. പടനായകനായി ജോസ്‌ചേട്ടന്‍, പടയാളികളായി സുനിലും സജിയും, കുരിശ്‌ താങ്ങുന്ന കുറേനക്കാരനായ ശീമോനായി രാജു, പിന്നെ വെറോനിയ്‌ക്കയായി ഈ ഞാനും. ടാബ്ലോ അവതരണ സമയത്ത്‌ ലോറിയുടെ ക്യാബിനിലിരുന്ന്‌ ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാന്‍ പ്രിന്‍സിനെ വേഷങ്ങളില്‍ നിന്നൊഴിവാക്കി.






പെണ്‍വേഷം വേണ്ട
അഞ്ചാം ക്ലാസ്‌ മുതല്‍ സ്‌കൂള്‍ നാടകങ്ങളില്‍ അഭിനയിച്ചു വന്നിരുന്ന ആളാണ്‌ ഞാന്‍. അഞ്ചാറ്‌ നാടകങ്ങളിലും ഓരോ തവണ ടാബ്ലോയിലും ഫാന്‍സിഡ്രസിലും അഭിനയിച്ചിട്ടുണ്ടെങ്കിലും പെണ്‍വേഷം കെട്ടേണ്ടി വരുന്നത്‌ ആദ്യമായാണ്‌. എനിയ്‌ക്കത്‌ ഒട്ടും ഇഷ്‌ടമുള്ള ഏര്‍പ്പാടല്ല. അതിന്‌ ചില കാരണങ്ങളുണ്ട്‌. പെണ്‍വേഷം കെട്ടണമെങ്കില്‍ ഞാന്‍ പൊന്നുപോലെ പരിപാലിക്കുന്ന എന്റെ പൊടിമീശ വടിച്ച്‌ കളയണം. അതില്ലാതെ ഞാനെങ്ങിനെ പെണ്‍കുട്ടികളുടെ മുഖത്ത്‌ നോക്കും. പിന്നെ ഘോഷയാത്ര കാണാന്‍ തിങ്ങിക്കൂടുന്ന കാണികളില്‍ എന്റെ ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടികളുമുണ്ടാകും. ഞാനറിയുന്ന പെണ്‍കുട്ടികള്‍ വേറെയും. എന്നെ പെണ്‍വേഷത്തില്‍ കണ്ടാല്‍ എന്നെക്കുറിച്ച്‌ അവരുടെ മനസിലുള്ള പൗരുഷം അലഞ്ഞില്ലാതാകുമോ എന്നൊക്കെയാണ്‌ എന്റെ പേടി. സഹപാഠികളായ ആണ്‍കുട്ടികള്‍ എന്ത്‌ ചിന്തിക്കുമെന്നൊന്നും ആശങ്കപ്പെട്ടില്ല. പെണ്‍വേഷം കെട്ടാന്‍ മനസ്‌ അനുവദിക്കുന്നില്ല.





അതുകൊണ്ട്‌ ഈ വേഷം ഒഴിവാക്കിത്തരണമെന്ന്‌ ഉടന്‍തന്നെ ഞാനാവശ്യപ്പെട്ടു. ആര്‌ സമ്മതിക്കാന്‍ ? താണ്‌ കേണപേക്ഷിച്ചെങ്കിലും എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു ഞാന്‍ തന്നെ വെറോനിക്കയാവണമെന്ന്‌. എന്ത്‌ ചെയ്യാന്‍ സമ്മതിക്കുക തന്നെ. പിന്നെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കാനുള്ള നെട്ടോട്ടമായി. വേഷങ്ങളെല്ലാം മൂവാറ്റുപുഴയിലെ പീറ്റര്‍ ആര്‍ട്‌സില്‍ നിന്നും വാടകയ്‌ക്കെടുത്തു. മേക്കപ്പ്‌മാനെ ഏര്‍പ്പാടാക്കി. കനം കുറഞ്ഞ മരക്കുരിശും മുഖം പതിഞ്ഞ ടൗവലും നിര്‍മിച്ചു കൊള്ളാമെന്ന്‌ കലാകാരനായ സുനില്‍ ഏറ്റു.





കള്ളിച്ചെടി തേടിയൊരു യാത്ര
~ഒടുവില്‍ ആ ദിനം വന്നെത്തി. കുരിശിന്റെ നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന സുനില്‍ വീട്ടില്‍ പോയിട്ട്‌ മൂന്ന്‌ ദിവസമായി. ഊണും ഉറക്കവും ഉപേക്ഷിച്ച്‌ കഴിയുന്ന ഇദ്ദേഹത്തിന്‌ നന്നായി വിശക്കുന്നുമുണ്ട്‌. ഭക്ഷണം കഴിച്ചിട്ട്‌ വരാന്‍ പറഞ്ഞിട്ട്‌ അനുസരിക്കുന്നുമില്ല. പരിപാടിക്കായി ടൗണിലെത്തുമ്പോള്‍ ഹോട്ടലില്‍ നിന്ന്‌ കഴിക്കാമെന്നാണ്‌ സുനില്‍ പറയുന്നത്‌. ലോറിയുടെ പ്ലാറ്റ്‌ഫോമില്‍ സെറ്റ്‌ ഒരുക്കാന്‍ കള്ളിമുള്‍ച്ചെടി ആവശ്യമായിരുന്നു. അത്‌ സംഘടിപ്പിക്കാന്‍ ജിബിയും പ്രിന്‍സും ഞാനും കൂടി മൂന്ന്‌ സൈക്കിളുകളിലായി മൂന്ന്‌ കിലോമീറ്റര്‍ അപ്പുറത്തുള്ള വടക്കന്‍പാലക്കുഴയ്‌ക്ക്‌ പുറപ്പെട്ടു. കള്ളിച്ചെടി സൈക്കിളുകളുടെ പിന്നില്‍ വച്ച്‌ കെട്ടി തിരികെ വരുമ്പോള്‍ മുന്നില്‍ പോകുന്ന സൈക്കിളില്‍ നിന്ന്‌ ജിബിയുടെ നിലവിളി. പഴഞ്ചന്‍ സൈക്കിളിന്റെ സീറ്റിനടിയില്‍ നിന്ന്‌ വളഞ്ഞ്‌ നിന്ന കമ്പി അവന്റെ തുടയില്‍ തുളഞ്ഞ്‌ കയറിയതാണ്‌. മുറിവില്‍ നിന്നും ചോരചീറ്റുന്നു.





അടുത്ത വീട്ടില്‍ നിന്നും തുണി വാങ്ങി മുറിവൊക്കെ വച്ച്‌ കെട്ടി കരിമ്പനയിലെത്തി. ടാബ്ലോയുടെ പ്ലാറ്റ്‌ഫോം ഒരുക്കാന്‍ കുമാര്‍ തന്റെ സ്വരാജ്‌മസ്‌ദ ലോറിയുമായി എത്തിയിട്ടുണ്ട്‌. കള്ളിച്ചെടി അതില്‍ കയറ്റിയിട്ടു. ഇല്ലാത്ത മീശ വടിക്കാനായി ഞാന്‍ പ്രിന്‍സിനൊപ്പം ബാര്‍ബര്‍ ഷോപ്പിലേക്ക്‌ കയറി. ഷേവിംഗ്‌ കഴിഞ്ഞ്‌ കണ്ണാടിയില്‍ നോക്കിയപ്പോള്‍ ആകെയൊരു വാനരഭാവം. സാമഗ്രികളെല്ലാം വണ്ടിയല്‍ കയറ്റി ഞങ്ങള്‍ ടൗണിലെത്തി. സുനില്‍ ഭക്ഷണം കഴിക്കാനായി രാമപുരം കവലയിലിറങ്ങി. ടി.ബി ജംഗ്‌ഷനുമപ്പുറത്ത്‌ ഇപ്പോഴത്തെ റിലയന്‍സ്‌ പെട്രോള്‍ പമ്പിന്റെ ഭാഗത്ത്‌ വാഹനം ഒതുക്കിയിട്ട്‌ ഞങ്ങള്‍ മേക്കപ്പ്‌ ആരംഭിച്ചു. എമ്മസ്‌ മണ്ണത്തൂരാണ്‌ മേക്കപ്‌മാന്‍. ഞങ്ങളുടെ മേക്കപ്‌ പൂര്‍ത്തിയായപ്പോഴേക്ക്‌ സുനില്‍ ഭക്ഷണം കഴിച്ച്‌ തിരികെയെത്തി.





സുനിലിന്റെ ഭക്ഷണം
എന്താണ്‌ കഴിച്ചതെന്ന ചോദ്യത്തിന്‌ സുനില്‍ പറഞ്ഞു. ``ഹോട്ടലുകളെല്ലാം കാലിയായി. പിന്നെ അടുത്ത പെട്ടിക്കടയില്‍ നിന്നും എട്ടുപത്ത്‌ പാളയന്‍കോടന്‍ പഴവും രണ്ട്‌ നാരങ്ങാവെള്ളവും കഴിച്ചു.'' ഇതു കേട്ടയുടനെ ജിബി പറഞ്ഞു-``വെറും വയറ്റില്‍ കഴിക്കാന്‍ പറ്റിയ ഏറ്റവും നല്ല ഭക്ഷണം!'' ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഘോഷയാത്ര ആരംഭിക്കുകയാണെന്ന അനൗണ്‍സ്‌മെന്റ്‌ മുഴങ്ങി. എല്ലാവരും തയാറായി ഡിസ്‌പ്ലേ ചെയ്‌തു. സാംസ്‌കാരികഘോഷയാത്ര തുടങ്ങും മുമ്പൊരു നിമിഷം. ഇടത്ത്‌ നിന്ന്‌ സുനില്‍, രാജു, ജിബി, സജി, റ്റിജോ, ജോസ്‌. ഘോഷയാത്ര കാണാന്‍ ടൗണിലേക്ക്‌ വലിഞ്ഞു നടക്കുന്നവരാണ്‌ റോഡില്‍. പശ്ചാത്തലത്തില്‍ കാണുന്ന തെങ്ങിന്‍തോപ്പിന്റെ സ്ഥാനത്ത്‌ ഇപ്പോള്‍ റിലയന്‍സ്‌ ഫ്യുവല്‍ ബങ്കും സ്‌പൈസ്‌ഗാര്‍ഡന്‍ ഹോട്ടലുമാണ്‌

കോഡ്‌നമ്പര്‍ ക്രമത്തിലെ ഊഴമനുസരിച്ച്‌ ഞങ്ങളുടെ വാഹനം മന്നോട്ടുനീങ്ങി. വെറും 30 മീറ്റര്‍ മാത്രമുള്ള രാമപുരം കവലയിലെത്താന്‍ 15 മിനിറ്റെടുത്തു. ഈ സമയം കൊണ്ട്‌ ഒരു കാര്യം വ്യക്തമായി. സ്റ്റേജിലേതു പോലെ ഓടുന്ന വാഹനത്തിലെ നിശ്ചലദൃശ്യം അത്ര സുഖമുള്ള ഏര്‍പ്പാടല്ല. കാലുകളും കൈകളും വേദനയെടുത്ത്‌ തളരുന്നു.





കണ്ണുനീര്‍ത്തുള്ളി
മുട്ടുകുത്തി നില്‌ക്കുന്ന ഞാനാണ്‌ വേദനയേറെയും അനുഭവിക്കുന്നത്‌. ഇനി ഒരു മണിക്കൂറിലേറെ ഈ നില്‌പ്‌ തുടരണം. ഏത്‌ ശിലാഹൃദയനും പൊട്ടിച്ചിരിച്ചു പോകുന്ന കമന്റുകള്‍ ചില കാണികളില്‍ നിന്നും ഉയരുന്നു. ഞങ്ങള്‍ എല്ലാവരും ചിരി കടിച്ചമര്‍ത്തി ബലം പിടിച്ചാണ്‌ നില്‌ക്കുന്നത്‌. മിനിറ്റുകളോളം സമയം നിര്‍ത്തിയും ഇഴഞ്ഞും വാഹനം മുന്നോട്ട്‌ നീങ്ങുന്നു. ഇതിനിടയില്‍ എന്റെ നേരെ തന്നെ തുറിച്ച്‌ നോക്കി നില്‍ക്കുന്നതിനാല്‍ ജിബിയുടെ കണ്ണുകള്‍ അറിയാതെ നിറഞ്ഞൊഴുകുന്നു. ഒലിച്ചിറങ്ങിയ കണ്ണുനീര്‍ത്തുള്ളി അവന്റെ കൃത്രിമമീശയുടെ ഒരു നാരിന്‍തുമ്പിലെത്തി ബള്‍ബുപോലെ തൂങ്ങിക്കിടക്കുന്നു. വാഹനം ഇളകി നീങ്ങുമ്പോള്‍ ആ തുള്ളി ഇപ്പോ താഴെവീഴുമെന്ന മട്ടില്‍ തുളുമ്പി ഇളകുന്നതല്ലാതെ വീഴുന്നില്ല. എനിയ്‌ക്കു മാത്രം കാണാവുന്ന രസകരമായ ഈ കാഴ്‌ച ആസ്വദിച്ച്‌ വേദന മറന്ന്‌ നില്‍ക്കുകയാണ്‌ ഞാന്‍.





വീഴ്‌ചയും വാളും
ഞങ്ങളുടെ വാഹനം ജൂവല്‍ ജംഗ്‌ഷനിലെത്തിക്കാണും. ഭടന്റെ വേഷത്തില്‍ ചാട്ടവാറും ഉയര്‍ത്തി നില്‍ക്കുന്ന സുനിലിന്റെ നില്‌പ്‌ അത്ര പന്തിയല്ലെന്ന്‌ എനിക്ക്‌ തോന്നി. പെട്ടെന്നായിരുന്നു അത്‌ സുനില്‍ തലചുറ്റി വീണു. തൊട്ടടുത്തായി കുരിശ്‌ താങ്ങിയ ശീമോനായി വേഷമിട്ട രാജുചേട്ടന്‍ ഉണര്‍ന്ന്‌ പ്രവര്‍ത്തിച്ചതിനാല്‍ ലോറിയുടെ വെളിയിലേക്കോ പ്ലാറ്റ്‌ഫോമിലെ കള്ളിച്ചെടികള്‍ക്ക്‌ മുകളിലേക്കോ വീഴാതെ സുനില്‍ രക്ഷപ്പെട്ടു. ആദ്യം വീണ്‌ കിടന്ന സുനില്‍ അല്‌പസമയത്തിനുള്ളില്‍ എഴുന്നേറ്റിരുന്ന്‌ എന്റെ മുന്നിലേക്ക്‌ ഛര്‍ദിക്കാന്‍ തുടങ്ങി. കുറെ മുമ്പ്‌ കഴിച്ച പാളയന്‍കോടന്‍പഴം എന്റെ മുന്നില്‍ കൂനപോലെ കുമിഞ്ഞ്‌ കൂടുകയാണ്‌.




മനസൊന്ന്‌ പതറിയെങ്കിലും ഞങ്ങള്‍ മറ്റുള്ളവര്‍ ആരും ചലിയ്‌ക്കാതെ ഭാവമാറ്റമില്ലാതെ നില തുടരുകയാണ്‌. കാരണം ടാബ്ലോ ടൗണിന്റെ ഹൃദയഭാഗത്തേക്ക്‌ പ്രവേശിക്കുന്നതേയുള്ളൂ.യേശുവായി വേഷമിട്ട്‌ നില്‍ക്കുന്ന ജിബി തന്റെ പിന്നില്‍ നടന്ന ഈ സംഭവം അറിഞ്ഞിട്ടില്ല. റോഡിനിരുവശവും തിങ്ങി നില്‌ക്കുന്ന ജനത്തിന്‌ സുനിലിന്റെ വീഴ്‌ചയിലോ ഛര്‍ദിയിലോ അസ്വാഭാവികമായി ഒന്നും തോന്നിയില്ല എന്നതാണ്‌ ഏറെ രസകരം. കാരണം റോഡിലിറങ്ങി തിങ്ങി നിറഞ്ഞിരിക്കുന്ന പ്രേക്ഷകര്‍ക്ക്‌ നടുവിലൂടെയാണ്‌ വാഹനം നീങ്ങുന്നത്‌. ജനത്തിനിടയില്‍ നിന്നുയരുന്ന സംസാരവും കമന്റുമെല്ലാം ഞങ്ങള്‍ക്ക്‌ വ്യക്തമായി കേള്‍ക്കാം.





എന്നാല്‍ ഇതേക്കുറിച്ച്‌ ഒന്നും പറഞ്ഞ്‌ കേള്‍ക്കുന്നില്ല. ദൃശ്യത്തിന്റെ ഭാഗമായിരിക്കും ഇതെല്ലാമെന്ന്‌ അവര്‍ കരുതിയിട്ടുണ്ടാകും. എന്താണെന്ന്‌ ചിന്തിച്ച്‌ മനസിലാക്കി വരുമ്പോഴേക്കും ഞങ്ങള്‍ മുന്നോട്ടു നീങ്ങുകയും അടുത്ത ടാബ്ലോ അവരുടെ മുന്നിലെത്തുകയും ചെയ്യുകയാണല്ലോ. പ്രഛന്ന വേഷവും നിശ്ചലദൃശ്യവുമായി നൂറ്‌ കണക്കിന്‌ ഇനങ്ങളാണ്‌ മത്സരിക്കുന്നത്‌. അവയിലേറെയും ഞങ്ങളുടെ മുന്നില്‍ കടന്നു പോകന്നു. ബാക്കിയുള്ളവ പിന്നിലാണ്‌.





ഛര്‍ദില്‍ അവസാനിപ്പിച്ച്‌ സുനില്‍ തളര്‍ന്ന്‌ കിടക്കുകയാണ്‌. ഛര്‍ദിയുടെ മുന്നില്‍ ഇനിയും എത്രനേരം ഇരുന്നാലാണ്‌ ഈ വാഹനം ടൗണ്‍ചുറ്റി ഹൈസ്‌കൂള്‍ റോഡില്‍ സമാപിക്കുക എന്ന്‌ ചിന്തിച്ചുകൊണ്ടിരിക്കെ വാഹനം കൈമയുടെ ഓഫീസിന്‌ മുന്നിലെ അനൗണ്‍സ്‌മെന്റ്‌ പവലിയന്‌ മുന്നിലെത്തി. കടന്ന്‌ പോകുന്ന നിശ്ചദൃശ്യങ്ങളെക്കുറിച്ച്‌ തത്സമയ വിവരണം നല്‌കുകയാണ്‌ അനൗണ്‍സറായ തങ്കച്ചന്‍ പാലോലിക്കുന്നേല്‍. ``യേശുവിനെ ക്രൂശിക്കാന്‍ മനസില്ലാമനസോടെ വിട്ടുകൊടുക്കുന്ന പീലാത്തോസ്‌.....'' എന്നിങ്ങനെ ടാബ്ലോയിലില്ലാത്ത കാര്യങ്ങളാണ്‌ അദ്ദേഹം വിവരിക്കുന്നത്‌.






കാണികള്‍ക്കിടയില്‍ നിന്ന്‌.....
അങ്ങിനെ ഞങ്ങള്‍ ഗവണ്‍മെന്റ്‌ ആശുപത്രി റോഡിലേയ്‌ക്ക്‌ പ്രവേശിച്ചയുടനെ കാണികള്‍ക്കിടയില്‍ നിന്നും പെണ്‍കുട്ടിയുടെ ശബ്‌ദം-``ദേണ്ടടീ റ്റിജോ''. പരിചയമുള്ള ശബ്‌ദമാണ്‌. എന്നാല്‍ ആരാണെന്ന്‌ തിരിച്ചറിയാന്‍ കഴിയുന്നില്ല. അരാണെന്ന്‌ നോക്കാനും ആവില്ലല്ലോ. കോളജിലെ ഏതോ സഹപാഠിയാണ്‌. 20 മീറ്റര്‍ കൂടി മുന്നോട്ടു പോയിക്കാണും. ടൗണ്‍ കത്തോലിക്കാ പള്ളിയുടെ താഴെ എത്തിയപ്പോള്‍ വീണ്ടും അതുപോലൊരു ശബ്‌ദം-``ദേ റ്റിജോ.'' ആ പരിചിത ശബ്‌ദവും തിരിച്ചറിയാനാകുന്നില്ല. ആരെങ്കിലുമാകട്ടെ.







മാര്‍ക്കറ്റ്‌ റോഡ്‌ വഴി വീണ്ടും സെന്‍ട്രല്‍ ജംഗ്‌ഷനിലൂടെ ഹൈസ്‌കൂള്‍ റോഡില്‍ പ്രവേശിച്ചതോടെ പരിപാടി സമാപിച്ചു. നേരം ഇരുട്ടിയിരുന്നു. ആശ്വാസത്തോടെ കുറെ നേരം കാലും കൈയും നീട്ടി കിടന്നപ്പോള്‍ ശരീരം വലിഞ്ഞുമുറുകുന്ന വേദനയക്കൊരാശ്വാസം. മേക്കപ്പ്‌ അഴിച്ച്‌ പോകാന്‍ തയാറെടുത്തപ്പോഴേക്കും സുനിലും ഉഷാറായി. ഇപ്പോഴാണ്‌ ജിബിയും പ്രിന്‍സും കുമാറുമൊക്കെ സുനില്‍ വീണ്‌ വാളുവച്ച കാര്യം അറിയുന്നത്‌.





കോളജിലേയ്‌ക്ക്‌
ക്ലീന്‍ഷേവ്‌ ചെയ്‌ത മുഖവുമായി പിറ്റേന്ന്‌ രാവിലെ കോളജിലെത്തിയ ഉടനെ എന്റെ പ്രിയ സുഹൃത്ത്‌ സിജുമോന്‍ ഏബ്രഹാമിന്റെ കമന്റ്‌-``എടാ നിനക്ക്‌ മീശ ഉണ്ടായിരുന്നു അല്ലേ!'' ഞാന്‍ പെണ്‍വേഷം കെട്ടിയ കഥ ഇതിനകം ക്ലാസില്‍ പരന്നിരുന്നു. എട്ടുപത്തു പേര്‍ പരിപാടി നേരില്‍ കാണുകയും ചെയ്‌തിരുന്നു. കാണികള്‍ക്കിടയില്‍ നിന്ന്‌ എന്റെ പേര്‌ വിളിച്ച്‌ പറഞ്ഞത്‌ സഹപാഠികളായ അനുവും ബിജിയും ആണെന്ന്‌ വ്യക്തമായി. അക്കഥയൊക്കെ മറന്ന്‌ പുതിയ സംഭവങ്ങളുമായി കാമ്പസ്‌ ജീവിതം തുടര്‍ന്നു. എന്നാല്‍ നാട്ടിലെ ആ സൗഹൃദകൂട്ടായ്‌മയില്‍ ഇത്‌ ഏറെക്കാലം മായാതെ നിറഞ്ഞ്‌ നിന്നു. പിന്നെയത്‌ മനസിലെ ഓര്‍മച്ചെപ്പിനുള്ളില്‍ അടച്ച്‌ വച്ചു.





ടാബ്ലോയുടെ ഫോട്ടോ ഓര്‍ക്കൂട്ടിലും ഫേസ്‌ബുക്കിലും ഞാന്‍ ചേര്‍ത്തിരുന്നു. ഫേസ്‌ബുക്കിന്റെ കൂത്താട്ടുകുളം ഗ്രൂപ്പില്‍ 2010 സെപ്‌റ്റംബര്‍ മാസത്തില്‍ എബി ജോസ്‌ കല്ലോലിക്കല്‍ തുടങ്ങിവച്ച `ഓര്‍മകളേ...' എന്ന ചര്‍ച്ചയുടെ ഭാഗമായി ഫോട്ടോ അവിടെയും ഉള്‍പ്പെടുത്തി. കൈമയും അക്കാലത്തെ ഘോഷയാത്രയുമെല്ലാം ചര്‍ച്ചാവിഷയമായി. ടാബ്ലോക്ക്‌ പിന്നില്‍ ഒരു കഥയുണ്ടെന്ന്‌ ഞാനന്ന്‌ പറഞ്ഞു. ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്ത എബി, മിനോസ്‌ ചാലമറ്റം, ബിനു സെബാസ്റ്റ്യന്‍, ചന്തു ഷാജു, സ്വരാജ്‌ പ്രസാദ്‌ എന്നിവരോട്‌ അക്കഥ ഞാനിവിടെ പറയാമെന്നും ഏറ്റു. ഉടന്‍ എന്നു പറഞ്ഞെങ്കിലും വാക്കു പാലിക്കാനായില്ല. ഒടുവില്‍ ആറ്‌ മാസം വൈകി ഓര്‍മക്കുറിപ്പ്‌ സമര്‍പ്പിക്കുന്നു.
അടുത്ത കഥയുമായി വീണ്ടും കാണാം......

15 comments:

  1. Tijo........
    nalloru vayana anubhavam kazhcha vechadinu....nandhi

    thudarnnu ezhuthuka....
    expecting more...from u

    ReplyDelete
  2. നന്ദി സുഹൃത്തേ, ഒറ്റയിരിപ്പിനു വായിച്ചു തീര്‍ത്തു ഞാന്‍. നല്ല ഒഴുക്കുള്ള ഭാഷ, നമ്മുടെ കോളേജ് ജീവിതത്തെ പറ്റിയൊക്കെ എഴുതാന്‍ ഇനിയുമേറെയില്ലേ? പ്രതീക്ഷിക്കുന്നു.......

    ReplyDelete
  3. ചേട്ടായീ ... കൈമാ വിശേഷങ്ങള്‍ ഇതില്‍ നിര്‍ത്തല്ലേ ...
    ഇനിയും വിറ്റുകള്‍ ഇഷ്ട്ടം പോലെ ഉണ്ടാകും എന്നറിയാം ..

    ReplyDelete
  4. Mrs. ശാലിനി,
    അഭിനന്ദനങ്ങള്‍ക്ക്‌ നന്ദി. തുടര്‍ന്നും എഴുതാം.

    ReplyDelete
  5. ഗിരീഷ്‌,
    ഏറെയുണ്ടല്ലോ നമ്മുടെ കോളജ്‌ ജീവിതത്തെക്കുറിച്ച്‌ പറയാന്‍. തൊടുപുഴയിലെ വര്‍ഷങ്ങള്‍ മറക്കാനാകില്ല. എഴുതുന്നുണ്ട്‌.

    ReplyDelete
  6. എബീ,
    ഇതിവിടെ എഴുതാന്‍ പ്രധാനകാരണം നമ്മുടെ ഫേസ്‌ബുക്ക്‌ കൂത്താട്ടുകുളം ഗ്രൂപ്പില്‍ എബി തുടങ്ങി വച്ചൊരു ചര്‍ച്ചയാണ്‌. എബി ഇപ്പോള്‍ പറഞ്ഞതിലും കാര്യമുണ്ട്‌. ഇത്‌ വായിച്ച്‌ ഇന്ന്‌ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന്‌ ബാബുച്ചേട്ടന്‍ (ബാബു വേതാനി) എന്നെ വിളിച്ചിരുന്നു. പണ്ട്‌ അദ്ദേഹവും ജൂലീസ്‌ ജോണും ചേര്‍ന്ന്‌ സര്‍ദാര്‍ജിയും ഭാര്യയുമായി വേഷമിട്ട്‌ എന്‍ഫീല്‍ഡ്‌ ബുള്ളറ്റ്‌ ബൈക്കില്‍ ഈ മത്സരത്തില്‍ പങ്കെടുത്ത കാര്യം പറഞ്ഞു.
    ഇത്തവണ അവധിയ്‌ക്ക്‌ വന്നാല്‍ അതിന്റെ പഴയ ഫോട്ടോ തപ്പിയെടുക്കാനായിരിക്കും താന്‍ ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

    ReplyDelete
  7. ടിജോ വളരെ നന്നായിരിക്കുന്നു ഗൃഹാതുരുത്വം ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ ..കുറെ വര്‍ഷങ്ങള്‍ പിന്നിലേക്ക്‌ പോയതായി തോന്നുന്നു

    ReplyDelete
  8. നന്ദി ശ്രീ കൃഷ്‌ണന്‍ കേശവന്‍

    ReplyDelete
  9. ഒരു ദിവസത്തെക്കുറിച്ച് എഴുതാന്‍ നമുക്ക് പല ദിവസങ്ങള്‍ വേണം
    ഒരു ദിവസവും അവസാനിക്കാതിരിക്കണം....അതുമല്ലെങ്കില്‍
    എഴുതിത്തീര്‍ക്കാന്‍ ചില ദിവസങ്ങള്‍ നീക്കിവെക്കണം
    ഒരു പെടാപ്പാട്‌.......

    ReplyDelete
  10. ഒരു ദിവസവും അവസാനിക്കാതിരിക്കട്ടെ ശ്രീ. രാജീവ്‌ രാജ്‌ദീപ്‌

    ReplyDelete
  11. ഹ ! പപ്പേടെ ( K J Alias) പഴയ ആല്‍ബത്തില്‍ ഉണ്ട് ... എന്തോരും സ്നാപ്സ്‌ ആണ് ...
    പത്രോസ് ചേട്ടായീ നെ വട്ടം പിടിച്ചു അതൊന്നു സ്കാന്‍ ചെയ്തു എടുക്കണം ...

    ReplyDelete
  12. അതുശരി.. നോക്കട്ടെ.

    ReplyDelete
  13. Dear Tijo Nalla Oru Ezhuthukaaran ningalude ullil undayittum enthe athu venda vidhathil upayogikkathu? I like it. Congratulations

    ReplyDelete
  14. നല്ല വാക്കുകള്‍ക്ക്‌ നന്ദി, സതീഷ്‌ ചേട്ടാ

    ReplyDelete
  15. പ്രിയ കൂട്ടുകാരാ.. കുറെ വര്‍ഷം പിന്നിലേക്ക് കൊണ്ടുപോയി.. ഇനിയും എഴുതണം... കാത്തിരിക്കുന്നു.. കരളലിയിപ്പിക്കുന്ന നിന്റെ ജീവിതാനുഭവങ്ങള്‍.. ❤ ❤

    ReplyDelete