പറന്ന്....പറന്ന്.....ഇറങ്ങി
കര്‍ക്കിടകമാസത്തിലെ തോരാമഴയില്‍ നിന്നൊഴിഞ്ഞ ഒരു മധ്യാഹ്നം. നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ഇന്റര്‍നാഷണല്‍ ടെര്‍മിനലിന് മുന്നില്‍ ആയുര്‍വേ കുടുംബാംഗങ്ങള്‍ ചെറുസംഘങ്ങളായി വാഹനങ്ങളില്‍ എത്തിക്കൊണ്ടിരുന്നു. തെളിഞ്ഞ മാനത്ത് നിന്നും ഉച്ചസൂര്യന്റെ കിരണങ്ങള്‍ താഴേക്ക് പതിയ്‌ക്കുമ്പോള്‍ ഇങ്ങുതാഴെ തെളിഞ്ഞ മുഖങ്ങളില്‍ ആവേശത്തിന്റെയും ആകാംക്ഷയുടെയും പ്രസരിപ്പ്.
2010 ജൂലൈ 26-ലെ ആ മധ്യാഹ്നത്തിന് പതിവില്ലാത്ത ഒരു തിളക്കമുണ്ടെന്ന് പലര്‍ക്കും തോന്നി. മിക്കവരും ആദ്യവിദേശയാത്ര നടത്താന്‍ പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു. എന്നാല്‍ ഏറെപ്പേരും ആദ്യ വിമാനയാത്രയുടെ ത്രില്ലിലും. സമയം 2.25. നിറഞ്ഞ ചിരിയുമായി ആയുര്‍വേ ആയുര്‍വേദിക് ഹെല്‍ത്ത് സെന്റര്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ പി.ഒ സാബുവും ചെയര്‍മാന്‍ ടി.എം വേണുഗോപാലനും കാറില്‍ വന്നിറങ്ങിയപ്പോള്‍ കാത്ത് നിന്ന ആയുര്‍വേ കുടുംബാംഗങ്ങള്‍ സ്റ്റാര്‍ മാനേജര്‍മാരായ എം.ഒ ജോസിന്റെയും ടി.ജെ ജോയിയുടെയും നേതൃത്വത്തില്‍ അവരെ സന്തോഷത്തോടെ വരവേറ്റു. ഇവര്‍ക്ക് പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 25 പേരാണ് ആയുര്‍വേയില്‍ നിന്നും സംഘത്തിലുണ്ടായിരുന്നത്.
കൊച്ചിയിലെ ഹോളിഡേ പ്ലാനറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഉടമ ഷിജോ വര്‍ഗീസാണ് ഞങ്ങളുടെ സംഘത്തെ നയിക്കുന്നത്. അദ്ദേഹം നേരത്തെ തന്നെ എത്തിച്ചേര്‍ന്നിരുന്നു. യാത്രാരേഖകള്‍, ഹാന്‍ഡ്‌ബാഗ്, ലഗേജ് എന്നിവയുടെ പരിശോധനയും സുരക്ഷാപരിശോധനകളുമെല്ലാം കഴിഞ്ഞ് ഞങ്ങള്‍ ഒന്നാംനിലയിലെ വെയ്‌റ്റിംഗ് ലോഞ്ചിലെത്തുമ്പോള്‍ സമയം നാല് മണി. മലേഷ്യന്‍ കറന്‍സിയായ റിംഗിറ്റ് എല്ലാവരും നേരത്തെ സംഘടിപ്പിച്ച് കരുതി വച്ചിരുന്നു. ഒരു റിംഗിറ്റ് ലഭിക്കാന്‍ 15 രൂപയിലേറെ ചെലവാകും.
ഞങ്ങള്‍ക്ക് പോകാനുള്ള എയര്‍ ഏഷ്യ വിമാനം വൈകുന്നേരം അഞ്ച് മണിക്ക് പറന്നുയരുമെന്നാണ് അറിയിച്ചിരുന്നത്. 4.30 ആയപ്പോള്‍ യാത്രക്കാരോട് തയ്യാറായിരിക്കാനുള്ള നിര്‍ദേശം ഉച്ചഭാഷിണിയിലൂടെ മുഴങ്ങി. 4.40-ന് എല്ലാവരും വിമാനത്തിനുള്ളില്‍ പ്രവേശിച്ച് ഇരിപ്പിടങ്ങള്‍ കരസ്ഥമാക്കി, സീറ്റ്‌ബെല്‍റ്റുകള്‍ മുറുക്കി പറന്നുയരുന്ന നിമിഷങ്ങള്‍ക്കായി കാത്തിരുന്നു. ആയുര്‍വേയിലൂടെ ലഭിച്ച അസുലഭ ഭാഗ്യത്തെയോര്‍ത്ത് ദൈവത്തിന് നന്ദിപറഞ്ഞ് പ്രാര്‍ഥിക്കുകയായിരുന്നു പലരുമപ്പോള്‍. നിമിഷങ്ങള്‍ ഇഴഞ്ഞ് നീങ്ങി. കൃത്യം അഞ്ച് മണിക്ക് തന്നെ വിമാനം പുറപ്പെടുന്നതിനുള്ള അറിയിപ്പ് മുഴങ്ങി. സീറ്റ്‌ബെല്‍റ്റ്, ലൈഫ് ജാക്കറ്റ് എന്നിവ ധരിക്കുന്നത് സംബന്ധിച്ച പതിവ് നിര്‍ദ്ദേശം മലേഷ്യന്‍ സുന്ദരികളായ എയര്‍ഹോസ്റ്റസുമാര്‍ ആംഗ്യഭാഷയിലൂടെ അറിയിച്ചുകൊണ്ടിരിക്കെ വിമാനം റണ്‍വേയിലൂടെ പതുക്കെ നീങ്ങിത്തുടങ്ങി.
അല്‌പസമയത്തിനുള്ളില്‍ വേഗം പ്രാപിച്ച് അത് റണ്‍വേ വിട്ട് കുതിച്ചുയര്‍ന്നു.
ജനാലച്ചില്ലിലൂടെ താഴേയ്‌ക്ക് നോക്കുന്നോള്‍ അതാ റോഡുകളും വയലുകളും പുഴകളുമെല്ലാം അങ്ങ് താഴെ ചെറുതായിത്തീരുന്നു. താഴെ നിന്ന് നോക്കുമ്പോള്‍ ചെമ്മരിയാട്ടിന്‍ കൂട്ടങ്ങളെപ്പോലെ തോന്നിക്കുന്ന വെണ്‍മേഘങ്ങളെ തുളച്ചുകീറി ഞങ്ങള്‍ ഉയരങ്ങളിലെത്തിക്കഴിഞ്ഞു. അന്തരീക്ഷത്തില്‍ ഒഴുകിനടക്കുന്ന പഞ്ഞിക്കെട്ടുകള്‍ പോലെയായിരുന്നു അങ്ങ് താഴെ മേഘങ്ങള്‍. ഞങ്ങളെയും വഹിച്ചുകൊണ്ടുള്ള എ.കെ 204 നമ്പര്‍ ഫ്‌ളൈറ്റ് കേരളാതിര്‍ത്തിയും തമിഴ്‌നാടും വിട്ട് ബംഗാള്‍ ഉള്‍ക്കടലിന് മുകളിലൂടെ മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂര്‍ സിറ്റിയെ ലക്ഷ്യമാക്കി കുതിച്ചു പറക്കുകയായിരുന്നു. വിമാനം ഉയരങ്ങള്‍ താണ്ടി സുഖകരമായ നിലയിലെത്തിയപ്പോള്‍ അത് പറക്കുയല്ല റണ്‍വേയില്‍ കിടക്കുകയാണോ എന്ന് പോലും തോന്നി. ഈ സമയം ഞങ്ങള്‍ക്കുള്ള ചിക്കന്‍ റൈസുമായി എയര്‍ഹോസ്റ്റസുമാര്‍ എത്തി. സ്വാദിഷ്‌ടമായ ചിക്കന്‍ ഫ്‌ളേവേര്‍ഡ് റൈസിനൊപ്പം തന്തൂരി രുചിയുള്ള കോഴിയിറച്ചിയും കഴിച്ചതിലൂടെ ഇനിയുള്ള നാല് ദിവസം ആസ്വദിക്കാന്‍ പോകുന്ന മലേഷ്യന്‍രുചികളെ പരിചയിച്ച് തുടങ്ങുകയായിരുന്നു ഞങ്ങള്‍.
ശ്രീലങ്കയുടെ തെക്ക്‌ഭാഗം കുറുകെ കടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഞങ്ങളുടെ വിമാനം മലേഷ്യന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചു. ഫ്‌ളൈറ്റ് ക്വലാലംപൂര്‍ വിമാനത്താവളത്തിലേക്ക് ഇറങ്ങാന്‍ തുടങ്ങുകയാണെന്ന സന്ദേശം മുഴങ്ങി. സീറ്റ് ബെല്‍റ്റുകള്‍ മുറുക്കിയിടുന്നതിന്റെ ശബ്‌ദം കേള്‍ക്കാം. അതാ താഴെ വര്‍ണപ്പൂക്കള്‍ വിരിഞ്ഞതുപോലെ പ്രകാശവിസ്‌മയം തെളിഞ്ഞു. ക്വലാലംപൂര്‍ സിറ്റിയുടെ രാത്രിസൗന്ദര്യം മുകളില്‍ നിന്ന് വീക്ഷിക്കുന്നത് കുളിര്‍മയുള്ള അനുഭവമായിരുന്നു. നിലംതൊട്ട് റണ്‍വേയിലൂടെ നീങ്ങി വിമാനം വേഗത കുറഞ്ഞ് നില്‌ക്കുമ്പോള്‍ വാച്ചില്‍ നോക്കി. സമയം രാത്രി 9.30. എന്നാല്‍ മലേഷ്യന്‍ സമയം രാത്രി 11.50 ആയിരിക്കുന്നു. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയത്തേക്കാള്‍ രണ്ട് മണിക്കൂറും 20 മിനിട്ടും മുന്നോട്ടാണ് മലേഷ്യന്‍ സമയം. എയര്‍പോര്‍ട്ടിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഷിജോ വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ പുറത്തേക്കിറങ്ങുമ്പോള്‍ ഞങ്ങളെ കാത്ത് പ്ലക്കാര്‍ഡുമായി ഒരാള്‍. ഇദ്ദേഹമാണ് ഞങ്ങളുടെ മലേഷ്യന്‍ ഗൈഡ്. പേര് യെന്‍ കാംഗ് ലിംഗ്. വയസ് 56. ക്വലാലംപൂര്‍ സിറ്റിയില്‍ ലഭ്യമായിട്ടുള്ളതില്‍ വച്ചേറ്റവും നല്ല ഗൈഡാണ് താനെന്ന് യെന്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ തെളിയിക്കുകയും ചെയ്‌തു. ഒരു യുവാവിന്റെ ചുറുചുറുക്കോടെ അദ്ദേഹം ഞങ്ങളെ പുറത്തേക്ക് നയിച്ചു.
കൊച്ചി-ക്വലാലംപൂര്‍ യാത്രയില്‍ ഫ്‌ളൈറ്റിനുള്ളില്‍.
![]() |
ക്വലാലംപൂര്‍ എയര്‍പോര്‍ട്ടില്‍ രാത്രി വിമാനമിറങ്ങിയപ്പോള്‍. |
ഗൈഡിന്റെ മുന്നറിയിപ്പുകളും തട്ടുകടയിലെ അത്താഴവും
ഞങ്ങളെ വിമാനത്താവളത്തിന് വെളിയില്‍ കൊണ്ടുപോകുന്നതിനായി ഹൈടെക് എ.സി ബസ് കാത്ത്‌കിടക്കുന്നുണ്ടായിരുന്നു. ലഗേജുകള്‍ അതിനായുള്ള അറയില്‍ അടുക്കി വച്ച് എല്ലാവരും ബസിനുള്ളില്‍ കയറി. അത് നീങ്ങിത്തുടങ്ങി. ക്വലാലംപൂര്‍ നഗരത്തിലൂടെ പ്രയാണം ചെയ്യുന്ന ബസിലിരുന്ന് പുറത്തെ കാഴ്‌ചകള്‍ ആസ്വദിക്കുകയായിരുന്നു ഞങ്ങള്‍. ``ഹാപ്പി ഇവനിംഗ്''. മലേഷ്യന്‍ ഗൈഡ് യെനിന്റെ അഭിവാദനം ഞങ്ങളെ വിളിച്ചുണര്‍ത്തി. യെന്‍ എന്നാണ് തന്റെ പേര് എങ്കിലും ഹാപ്പി എന്നാണ് ടൂറിസ്റ്റുകളുടെ ഇടയില്‍ താന്‍ അറിയപ്പെടുന്നതെന്നും അദ്ദേഹം അറിയിച്ചു. ഹാപ്പി എന്ന് വിളിയ്‌ക്കപ്പെടാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്ന് തോന്നി. എന്നാല്‍ ഈ രണ്ട് പേരുകളെയും കടത്തി വെട്ടുന്നതായിരുന്നു ആയുര്‍വേ ബിസിനസ് മാനേജര്‍ ടി.ജെ ജോയി അദ്ദേഹത്തിന് നല്‌കിയ `ചാംങ് ചൂങ് ചിങ് ' എന്ന പേര്. ഇവിടെയും ആയുര്‍വേ കുടുംബാംഗങ്ങള്‍ തങ്ങളുടെ ഐക്യം തെളിയിച്ചു. എളുപ്പത്തില്‍ ഉച്ചരിക്കാവുന്ന രണ്ട് നാമങ്ങള്‍ ഉണ്ടായിട്ടും വിഷമം പിടിച്ച ഈ പുതിയ പേരിലാണ് നാല് ദിവസവും യെന്‍ അറിയപ്പെട്ടത്.
ബസിനുള്ളില്‍ വച്ച് യെന്‍ നല്‌കിയ ചില മുന്നറിയിപ്പുകള്‍ എല്ലാവരെയും അല്‌പമൊന്ന് ഭയപ്പെടുത്തി. തട്ടിപ്പുകാരും പിടിച്ചുപറിക്കാരും നിറഞ്ഞ പട്ടണമാണ് ക്വലാലംപൂര്‍ എന്നതിനാല്‍ ഈ രാജ്യം വിട്ട്‌പോകുന്നത് വരെ എല്ലാവരും വളരെ കരുതലോടെയായിരിക്കണം എന്നതായിരുന്നു ആ മുന്നറിയിപ്പ്. പോലീസ് എന്ന് സ്വയം പരിചയപ്പെടുത്തി പാസ്‌പോര്‍ട്ട് കാണിയ്‌ക്കാനാവശ്യപ്പെട്ട ശേഷം പാസ്‌പോര്‍ട്ടുമായി ഓടിക്കളയുന്ന വിരുതന്മാരും ഇന്‍ഡ്യന്‍ കറന്‍സി എങ്ങിനെയാണിരിക്കുന്നതെന്ന് ഒന്ന് കാണിച്ചുതരാമോ എന്ന് ആവശ്യപ്പെട്ട ശേഷം പഴ്‌സ് എടുക്കുമ്പോള്‍ അത് തട്ടിയെടുത്ത് മുങ്ങുന്ന പര്‍ദ്ദയിട്ട തട്ടിപ്പുകാരും ഇവിടെ ധാരാളമുണ്ടത്രേ. ഈ തട്ടിപ്പുകാരിലേരെയും ഇന്ത്യക്കാരായ തമിഴന്മാരാണെന്ന് കേട്ടപ്പോള്‍ ലജ്ജ തോന്നാതിരുന്നില്ല. നക്ഷത്രഹോട്ടലാണെങ്കിലും കാഴ്‌ചകള്‍ കാണാന്‍ പുറത്തേക്ക് പോകുമ്പോള്‍ പാസ്‌പോര്‍ട്ടും ടിക്കറ്റുമൊന്നും മുറിയില്‍ വയ്‌ക്കുന്നത് സുരക്ഷിതമല്ലെന്ന് ടൂര്‍ ഓപ്പറേറ്ററായ ഷിജോ വ്യക്താമാക്കുക കൂടി ചെയ്‌തതോടെ അവശേഷിക്കുന്ന ധൈര്യം കൂടി പലരിലും ഇല്ലാതായി. ആഹ്‌ളാദവേളയില്‍ സ്വയം മറക്കാതിരിക്കാന്‍ ഈ മുന്നറിയിപ്പുകള്‍ നല്‌കേണ്ടത് വഴികാട്ടികള്‍ എന്ന നിലയില്‍ അവരുടെ കടമയാണല്ലോ. ദൈവാനുഗ്രഹത്താല്‍ അനിഷ്‌ടസംഭവങ്ങളൊന്നും ഉണ്ടായതുമില്ല.
മലേഷ്യയില്‍ പ്രത്യേകിച്ച് ക്വലാലംപൂരില്‍ തമിഴ് സാന്നിധ്യം ശക്തമാണ്. ടാക്‌സിഡ്രൈവര്‍മാര്‍, വ്യാപാരികള്‍, പ്രൊഫഷണലുകള്‍ എന്നിവയിലെല്ലാം ധാരാളം തമിഴ്‌നാട്ടുകാരെ കാണാന്‍ കഴിഞ്ഞു. നാല്‌ദിവസവും ഞങ്ങളുടെ ബസ് ഡ്രൈവ് ചെയ്‌തത് ഒരു തമിഴനാണ്. മലേഷ്യയുടെ ചരിത്രം യെന്‍ മൈക്കിലൂടെ വിവരിയ്‌ക്കാനൊരുങ്ങിയപ്പോള്‍ തങ്ങളെല്ലാവരും ക്ഷീണിതരാണെന്നും ചരിത്രം നാളെ ശ്രവിക്കാമെന്നും മലയാള പരിഭാഷകനായ ഷിജോ അറിയിച്ചതോടെ യെന്‍ സീറ്റിലേയ്‌ക്ക് മടങ്ങി. എല്ലാവരും സെല്‍ഫോണിലും വാച്ചിലും മലേഷ്യന്‍ സമയമാക്കണമെന്നും രാവിലെ 7.30-ന് ഉണര്‍ന്ന് ഒമ്പതിന് ബ്രേക്ക്‌ഫാസ്റ്റ് കഴിച്ച് പത്തിന് ഒട്ടിംഗിനായി ഒരുങ്ങണമെന്നും ഷിജോ നിര്‍ദ്ദേശം നല്‌കുന്നതിനിടെ ബസ് ഹോട്ടലിന് മുന്നിലെത്തി. ബസില്‍ നിന്നിറങ്ങുമ്പോള്‍ ഡ്രൈവര്‍ സീറ്റില്‍ വന്ന മാറ്റം പലരും ശ്രദ്ധിച്ചു. ഇനിയുള്ള ഡ്രൈവിംഗിനായി സീറ്റിലിരിക്കുന്നത് ഒരു തമിഴ്‌സുന്ദരിയാണ്. ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന വനിതകള്‍ ബഹുമാനത്തോടെ അവളെ പരിചയപ്പെടാന്‍ തിടുക്കം കൂട്ടി.
ഞങ്ങള്‍ക്ക് താമസസൗകര്യമൊരുക്കിയിരുന്നത് ക്വലാലംപൂരിലെ ചൈനാ ടൗണിനടുത്തുള്ള പ്രമുഖ ത്രീസ്റ്റാര്‍ ഹോട്ടലായ `ഫൈവ് എലിമെന്റ്‌സി'ലായിരുന്നു. ഫ്‌ളൈറ്റില്‍ കയറുന്നതിന് മുമ്പ് ഉച്ചഭക്ഷണവും വൈകുന്നേരം ഫ്‌ളൈറ്റില്‍ ചിക്കന്‍ റൈസും കഴിച്ചിരുന്നതിനാല്‍ ഇനിയൊരു അത്താഴം വേണ്ടെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാല്‍ വിശപ്പുള്ളവര്‍ ഏറെയായിരുന്നു. ബാഗുകള്‍ റൂമുകളില്‍ കൊണ്ടുവച്ച് അവര്‍ ആയുര്‍വേ എം.ഡി പി.ഒ സാബുവിന്റെ നേതൃത്വത്തില്‍ അടുത്ത മലേഷ്യന്‍ തട്ടുകടയിലേക്ക് യാത്രയായി. തട്ടുകടയാണെങ്കിലും രണ്ട് ടെലിവിഷനുകള്‍ ഒരേ സമയം പ്രവര്‍ത്തിക്കുന്നു. രണ്ടിലും സീ ചാനല്‍. അതില്‍ പഴയൊരു ഹിന്ദി ചിത്രത്തിലെ ഫൈറ്റ്‌സീന്‍ തകര്‍ക്കുകയാണ്. എല്ലാവര്‍ക്കും വെജിറ്റബിള്‍ ഫ്രൈഡ്‌റൈസ് ഓര്‍ഡര്‍ ചെയ്‌തു. മലേഷ്യന്‍ മസാലയില്‍ തയാര്‍ ചെയ്‌ത ഫ്രൈഡ്‌റൈസിന് നല്ല രുചി തോന്നി.
ഭക്ഷണം കഴിച്ച് പുറത്തിറങ്ങുമ്പോഴാണ് മുന്‍വശത്തുള്ള മറ്റൊരു പെട്ടിക്കട ടി.ജെ ജോയിയുടെശ്രദ്ധയില്‍ പെട്ടത്. ഈര്‍ക്കിലില്‍ കോര്‍ത്ത ചില `ഭക്ഷ്യവസ്‌തുക്കള്‍ `അവിടെ മനോഹരമായി അടുക്കി വച്ചിരിക്കുന്നു. പല്ലി മുതല്‍ കോഴിയുടെ ആന്തരാവയവങ്ങള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. കോഴിയുടെ ഹൃദയങ്ങള്‍ ഈര്‍ക്കിലില്‍ കോര്‍ത്ത് വച്ചത് ജോയി രണ്ട് സെറ്റ് ഓര്‍ഡര്‍ ചെയ്‌തപ്പോള്‍ എം.ഡി മുന്നറിയിപ്പ് നല്‌കി. `` ഒരെണ്ണം വാങ്ങി കഴിച്ചുനോക്കിയിട്ട് മതി''. ~ഒരു സെറ്റില്‍ തന്നെ അഞ്ചെണ്ണം ഉണ്ടായിരുന്നു. എല്ലാവര്‍ക്കും കഴിയ്‌ക്കാമല്ലോ എന്ന് പറഞ്ഞ് രണ്ടെണ്ണം എടുക്കാന്‍ ജോയി പറഞ്ഞതും മലേഷ്യക്കാരനായ കടയുടമ രണ്ട് ഈര്‍ക്കിലുകളില്‍ കോര്‍ത്ത ആ സാധനം അടുപ്പിന് മുകളില്‍ പതഞ്ഞ് തിളയ്‌ക്കുന്ന ദ്രാവകത്തില്‍ മുക്കി അല്‍പ്പസമയത്തിനുള്ളില്‍ പൊക്കിയെടുത്തു. പ്ലാസ്റ്റിക് കവറിനുള്ളില്‍ അത് ഇറക്കി വച്ച് അതിന് മുകളിലേക്ക് ടൊമാറ്റോ സോസ് എന്ന് തോന്നിക്കുന്ന ലായനിയും ഒഴിച്ചു.
പല്ലിയെയും പഴുതാരയെയുമൊക്കെ ഇതേ ദ്രാവകത്തിലിട്ടാണല്ലോ മുക്കിപ്പൊക്കിയെടുക്കുന്നതെന്നൊന്നും ചിന്തിയ്‌ക്കാന്‍ നിന്നില്ല. ചൂടോടെ അതിലൊന്ന് ഉരിയെടുത്ത് സോസില്‍ ഉരുട്ടി ജോയി സര്‍ വായിലേയ്‌ക്കിടുന്നത് കൊതിയൂറുന്ന നാവോടെ എല്ലാവരും നോക്കി നിന്നു. വായില്‍ കിടക്കുന്ന വേവാത്ത മാംസക്കഷണം ചവയ്‌ക്കാന്‍ തുടങ്ങിയപ്പോള്‍ ആ മുഖത്തെ ചിരിയും സന്തോഷവുമെല്ലാം മാഞ്ഞുതുടങ്ങി. അത് ഓക്കാനമായി മാറിയതോടെ അതിന്റെ ` രുചി` എല്ലാവര്‍ക്കും ബോധ്യമായി. ഒരു പരീക്ഷണത്തിന് കൂടി മുതിര്‍ന്ന എം.ഡിയുടെയും അനുഭവം മറ്റൊന്നായിരുന്നില്ല.
തട്ടുകടയില്‍ ഇതെല്ലാം കൗതുകത്തോടെ നോക്കി നിന്നിരുന്ന മലേഷ്യന്‍ യുവാക്കള്‍ക്ക് ഞങ്ങള്‍ മലയാളികളാണെന്ന് മനസിലായി. അവിടെ നിന്നിറങ്ങുമ്പോള്‍ അവര്‍ ഞങ്ങളെ മലയാളത്തില്‍ തന്നെ നമസ്‌തേ പറഞ്ഞ് യാത്രയാക്കി. ഹോട്ടലിലെ ശീതീകരിച്ച ഹൈടെക് മുറിയില്‍ പട്ടുമെത്തയില്‍ സുഖസുഷ്‌പപ്‌തിയിലേയ്‌ക്കാഴുമ്പോള്‍ നാളെ മുതല്‍ കാണാനിരിക്കുന്ന മനോഹരദൃശ്യങ്ങളുടെ ഭാവനയായിരുന്നു എല്ലാവരുടെയും മനസില്‍.
ബസിനുള്ളില്‍ മൈക്കിലൂടെ നിര്‍ദേശങ്ങള്‍ നല്‌കുന്ന ടൂര്‍ ഓപ്പറേറ്റര്‍ ഷിജോ വര്‍ഗീസും മലേഷ്യന്‍ ഗൈഡ് യെന്നും

നഗരക്കാഴ്‌ചകളും ഫാക്‌ടറികളും പിന്നിട്ട്.....
നല്ല ക്ഷീണമുണ്ടെങ്കിലും പിറ്റേന്ന് രാവിലെ ഏഴുമണിയോടെ ഉണര്‍ന്ന് തയാറായി ഒമ്പതിന് തന്നെ പ്രാതല്‍ കഴിയ്‌ക്കാന്‍ ഞങ്ങള്‍ ഹോട്ടലിന്റെ ഡൈനിംഗ് ഹാളിലെത്തി. നിരത്തി വച്ചിരിക്കുന്ന വിഭവങ്ങള്‍ക്ക് മുന്നില്‍ ആദ്യം ഏതെടുക്കണമെന്ന കണ്‍ഫ്യൂഷന്‍ മാത്രം. നൂഡില്‍സും ബ്രഡും ബട്ടറും ജാമും ഓംലറ്റും പഴങ്ങളുമെല്ലാം യഥേഷ്‌ടം എടുക്കാവുന്ന വിധത്തില്‍ നിരന്നിരിക്കുന്നു. പ്രഭാതഭക്ഷണം കഴിയ്‌ക്കാന്‍ നിരവധി യൂറോപ്യന്മാരും തങ്ങളുടെ മുറിവിട്ട് എത്തിത്തുടങ്ങി. 9.30-ന് ഔട്ടിംഗിനായി താഴെയത്തുമ്പോള്‍ യെന്‍ ഞങ്ങളെയും കാത്ത് ഇരിക്കുന്നുണ്ടായിരുന്നു. അത്യാവശ്യം വേണ്ടവര്‍ക്കെല്ലാം മൈ സെല്‍കോം എന്ന സെല്ലുലര്‍ കമ്പനിയുടെ സിം കാര്‍ഡുകളുമായാണ് അദ്ദേഹം എത്തിയത്.
10 റിംഗിറ്റ് മുടക്കി സിം വാങ്ങിയാല്‍ 5 റിംഗിറ്റ് ടോക്‌ടൈമുണ്ട്. രണ്ട് ദിവസം മാത്രമാണ് ഈ ടൂറിസ്റ്റ് സിം കാര്‍ഡിന്റെ കാലാവധി. ഐഡി പ്രൂഫ്, ഫോട്ടോ, അഡ്രസ് ഇവയൊന്നും ആവശ്യമില്ല. ഇന്റര്‍നാഷണല്‍ കോളുകള്‍ക്ക് പോലും ഇന്‍ഡ്യയിലേതിനേക്കാള്‍ ചാര്‍ജ് കുറവ്. തൊട്ടതിനെല്ലാം നാട്ടിലേതിനേക്കാള്‍ നാലും അഞ്ചും ഇരട്ടി വിലയിയാരുന്നതെങ്കിലും കോള്‍ ചാര്‍ജ് ഇതിനൊരപവാദമായിരുന്നു. ഞങ്ങള്‍ക്ക് ക്വലാലംപൂര്‍ സിറ്റിയുടെ സൗന്ദര്യം ആസ്വദിക്കാനുള്ള ദിവസമാണിന്ന്. അതാ ടൂറിസ്റ്റ് ബസ് പുറത്ത് ഞങ്ങളെ കാത്ത് കിടക്കുന്നു. എല്ലാവരും ബസിനുള്ളില്‍ കയറി. അത് നീങ്ങിത്തുടങ്ങി.
എ.സി കോച്ചിലെ കണ്ണാടിച്ചില്ലിലൂടെ പുറത്തേക്ക് നോക്കിയ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത് വൃത്തിയുള്ള ഒരു നഗരം. ചപ്പുചവറുകളോ മാലിന്യങ്ങളോ ഒരിടത്തും കാണാനില്ല. റിംഗ്‌റോഡും ഓവര്‍ ബ്രിഡ്‌ജുകളുമായി നന്നായി ആസൂത്രണം ചെയ്‌ത ഗതാഗത സംവിധാനം. അംബരചുംബികളായ കെട്ടിടങ്ങള്‍. ഒരേ രൂപത്തില്‍ അടുത്തടുത്തായി നിര്‍മിക്കപ്പെട്ട നൂറ് കണക്കിന് ഭംഗിയുള്ള വീടുകള്‍. റോഡുകളിലൂടെ കാല്‍നടയായി പോകുന്നവരുടെ എണ്ണം തീരെ കുറവ്. ഈ സമയം ഷിജു ബസിന്റെ സ്‌പീഡോ മീറ്ററില്‍ നോക്കി ഒരു കാര്യം അറിയിച്ചു. ബസിപ്പോള്‍ 120 കിലോമീറ്റര്‍ സ്‌പീഡിലാണ് പോകുന്നത്. അത് കേട്ടപ്പോള്‍ എല്ലാവര്‍ക്കും ആശ്ചര്യം. ഒഴുകുന്നതുപോലെ നീങ്ങുന്ന ബസിന് ഇത്രയും സ്‌പീഡ് ഉണ്ടെന്ന് തോന്നുന്നതേയില്ല.
അപ്പോള്‍ ബസിനെ ഓവര്‍ടേക്ക് ചെയ്‌ത് പോകുന്ന മറ്റ് വാഹനങ്ങളുടെ വേഗത എന്തായിരിക്കും. ഈ നഗരത്തില്‍ മിനിമം സ്‌പീഡ് 60 കിലോമീറ്ററാണത്രേ. ഓടുന്ന ബസിനുള്ളില്‍ എഴുന്നേറ്റ് നടക്കരുതെന്ന് യെന്‍ പലതവണ മുന്നറിയിപ്പ് നല്‌കുന്നുണ്ടായിരുന്നു. വേഗത തോന്നിയ്‌ക്കാത്ത ബസ് ബ്രേക്ക് ചെയ്‌താല്‍ മലര്‍ന്നടിച്ച് വീഴാന്‍ സാധ്യതയുണ്ട്. ഇക്കാര്യം യാത്രാവേളയിലെല്ലാം യെന്‍ ആവര്‍ത്തിച്ച് പറയുന്നുണ്ടായിരുന്നു. യെന്‍ ബസിനുള്ളിലെ മൈക്രോഫോണ്‍ കൈയിലെടുത്ത് മലേഷ്യയെക്കുറിച്ച് സംസാരിയ്‌ക്കാനാരംഭിച്ചു.
തെക്കുകിഴക്കന്‍ ഏഷ്യയിലെ പ്രധാന രാജ്യങ്ങളിലൊന്നായ മലേഷ്യ 13 സംസ്ഥാനങ്ങള്‍ ചേര്‍ന്നൊരു ഫെഡറേഷനാണ്. ഭൂമിശാസ്‌ത്രപരമായി രണ്ടായി വിഭജിയ്‌ക്കപ്പെട്ടാണ് മലേഷ്യ കിടക്കുന്നത്. ഇന്ത്യയും ശ്രീലങ്കയുമായുള്ളതിനേക്കാള്‍ വളരെയേറെ അകലത്തിലാണ് കടലില്‍ രണ്ട് ഭാഗങ്ങളുടെയും സ്ഥാനം. അവയിലൊന്ന് തായ്‌ലന്‍ഡിനോടും സിംഗപ്പൂരിനോടും അതിര്‍ത്തി പങ്കിടുമ്പോള്‍ മറ്റേ ഭാഗത്തിന്റെ അതിര്‍ത്തികള്‍ ഇന്തോനേഷ്യും ബ്രൂണെയുമാണ്.
മലായ് ആണ് രാഷ്‌ട്രഭാഷ. സര്‍വസാധാരണമായി ഉപയോഗിക്കുന്ന പലവാക്കുകളിലും ഇന്‍ഡ്യന്‍ഭാഷകളുടെ സ്വാധീനം വ്യക്തമാണ്. പുത്രജയ എന്ന മലായ് പേരില്‍ കാണുന്ന മകന്‍ എന്നര്‍ഥമുള്ള പുത്രയും വിജയം എന്നര്‍ഥം വരുന്ന ജയയും ഹിന്ദി വാക്കുകളല്ലേയെന്ന് യെന്‍ ഞങ്ങളോട് ചോദിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് മലേഷ്യയില്‍ പട്ടാളക്കാരായെത്തിയ ഇന്ത്യക്കാര്‍ മലേഷ്യന്‍ പെണ്‍കുട്ടികളെ വിവാഹം ചെയ്‌ത് ഇവിടെ താമസമുറപ്പിച്ചു. ഭാഷ, വേഷം, സംസ്‌കാരം എന്നിങ്ങനെ എല്ലാക്കാര്യങ്ങളിലും ഇന്ത്യന്‍ സ്വാധീനം ഇവിടെ കടന്ന് കൂടുകയായിരുന്നു. ബ്രസീലില്‍ നിന്നും കടല്‍ കടന്നെത്തിയ റബര്‍തൈകളാണ് മലേഷ്യയെ പ്രത്യേകിച്ച് ക്വലാലംപൂരിനെ സാമ്പത്തീകമായി രക്ഷപ്പെടുത്തിയതെന്ന് പറഞ്ഞ യെന്‍ റബറിനെക്കുറിച്ചും റബറുല്‌പന്നങ്ങളെക്കുറിച്ചും വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു.
ഇക്കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കെ ബസ് ഒരു ലോഹ ഫാക്‌ടറിയുടെ മുന്നില്‍ നിര്‍ത്തി. ലോഹങ്ങളുപയോഗിച്ച് ചിത്രപ്പണികളുള്ള മനോഹരപാത്രങ്ങള്‍ നിര്‍മിക്കുന്ന ഫാക്‌ടറിയാണത്. ഉപഹാരങ്ങളായി നല്‌കാന്‍ കഴിയുന്ന ശില്‌പങ്ങളും ഇക്കൂട്ടത്തിലുണ്ട്.
ഫാക്‌ടറിയില്‍ പ്രവേശിക്കുന്നതിന് മുന്നോടിയായി സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഞങ്ങളുടെ തോള്‍ഭാഗത്തായി പ്രവേശന സ്റ്റിക്കറുകള്‍ പതിപ്പിച്ചു. ഞങ്ങള്‍ക്കെല്ലാം ഓരോ ഗ്ലാസ് ശീതളപാനീയം നല്‌കിക്കൊണ്ട് ഒരു മലേഷ്യന്‍ സുന്ദരി ഞങ്ങളെ സ്വീകരിച്ചു. വിവിധതരം ലോഹപ്പാത്രങ്ങളെക്കുറിച്ച് ഫാക്‌ടറിയിലെ ഒരു സ്റ്റാഫ് ഞങ്ങള്‍ക്ക് വിവരിച്ചുകൊണ്ടിരുന്നു. പാത്രങ്ങളില്‍ കരവേലകള്‍ ചെയ്‌തുകൊണ്ടിരുന്നവരെ ഞങ്ങള്‍ ശ്രദ്ധിച്ചു. ഏറെയും ഭാരതീയരായ വനിതകള്‍. അതില്‍ മലയാളികളുണ്ടോയെന്നും ഞങ്ങള്‍ക്ക് തോന്നി. പാത്രം വൃത്തിയാക്കുന്നതിനും മറ്റും നമ്മള്‍ വാങ്ങുന്ന സ്റ്റീല്‍ സ്‌ക്രബറുകള്‍ ഇത്തരം ഫാക്‌ടറികശില്‍ നിന്നും ചുരണ്ടിയും രാകിയും വിടുന്ന വെയ്‌സ്റ്റുകളാണെന്നും അവിടെ കൂട്ടിയിട്ടിരുന്ന ഇത്തരം സാധനങ്ങള്‍ കണ്ടപ്പോള്‍ വ്യക്തമായി. ഫാക്‌ടറി കണ്ട് കഴിഞ്ഞതോടെ അവരുടെ ഷോറുമിലേക്ക് ഞങ്ങളെ നയിച്ചു. ഗൈഡ് നേരത്തെ മുന്നറിയിപ്പ് നല്‌കിയിരുന്നത് പോലെ കനത്ത വിലയാണ് ഓരോന്നിനും. അതിനാല്‍ അവയെല്ലാം വേഗത്തില്‍ കണ്ട് തീര്‍ത്ത് ഞങ്ങള്‍ പുറത്ത് കടന്നു.
ഇനി നമ്മള്‍ പോകുന്നത് മലേഷ്യന്‍ മഹാരാജാവിന്റെ കൊട്ടാരത്തിലേയ്‌ക്കാണെന്ന് യെന്‍ പറഞ്ഞു. മലേഷ്യയുടെ പരമോന്നത് നേതാവ് രാജാവാണ്. എന്നാലും ഭരണഘടനയ്‌ക്ക് അനുസൃതമായ രാജവാഴ്‌ചയേ അനുവദിച്ചിട്ടുള്ളൂ. സയ്യിദ് സിറാജുദീന്‍ ജമാലുല്ലയാണ് ഇപ്പോഴത്തെ രാജാവ്. ആറ് ഭാര്യമാരും 24 മക്കളുമുള്ള മോശക്കാരനല്ലാത്ത ഒരു രാജാവാണ് ഇപ്പോഴത്തേതെന്നും ഗൈഡ് വ്യക്തമാക്കി. പ്രധാനമന്ത്രി അബ്‌ദുല്ല അഹമ്മദ് ബദാവിയ്‌ക്കാണ് ഭരണഘടനാപരമായി കൂടുതല്‍ അധികാരങ്ങള്‍. ബസ് കൊട്ടാരത്തിന് മുന്നിലെത്തി. കൊട്ടാരത്തിന് മുന്നിലെത്തിയതും എല്ലാവരുടെയും കണ്ണുകള്‍ അതിന് മുന്നിലുള്ള കൊടിമരത്തിലേയ്‌ക്കായിരുന്നു. രാജാവ് മലേഷ്യയിലുണ്ടെങ്കില്‍ കൊടിമരത്തില്‍ മഞ്ഞപ്പതാക ഉയര്‍ത്തിയിട്ടുണ്ടാകുമെന്ന് ഗൈഡ് നേരത്തെ പറഞ്ഞിരുന്നു. രാജാവ് രാജ്യത്തിന് വെളിയിലാണെങ്കില്‍ പതാകയുണ്ടാകില്ലത്രേ.

ഹോട്ടലിലെ പ്രഭാതഭക്ഷണമേശയില്‍

3 എലിമെന്റ്‌സ് ഹോട്ടലിലെ റിസ്‌പഷന്‍

ടിന്‍ ഫാക്‌ടറിക്കുള്ളിലേക്ക്

ടിന്‍ ഫാക്‌ടറിയുടെ പ്രവര്‍ത്തനം വിശദീകരിക്കുന്ന യുവതി.





ടിന്‍ ഫാക്‌ടറിയ്‌ക്കുള്ളില്‍
കൊട്ടാരത്തിന് മുന്നില്‍ നിന്ന് ദേശാഭിമാന സ്‌മരകത്തിലേക്കും ഗോപുരമുകളിലേക്കും
അതാ കൊടിമരത്തില്‍ പീതപതാക ഉയര്‍ന്ന് പാറിക്കളിക്കുന്നു. രാജാവ് രാജ്യത്ത് തന്നെയുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ കൊട്ടാരവളപ്പിനുള്ളിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമില്ലെങ്കിലും വെളിയില്‍ നിന്ന് ഫോട്ടോയെടുക്കുന്നതിനും മറ്റും തടസമില്ല. ധാരാളം ടൂറിസ്റ്റുകള്‍ അവിടെ എത്തിയിട്ടുണ്ട്. ഞങ്ങള്‍ എത്തിയ ഉടനെ അശ്വാരൂഡസേനയിലെ രണ്ടംഗങ്ങള്‍ കൊട്ടാരകവാടത്തില്‍ എത്തി നിലയുറപ്പിച്ചു. രാജകീയ പ്രൗഡി വിളിച്ചോതുന്ന വേഷവിധാനങ്ങളോടെ കുതിരകളുടെ പുറത്തേറിയിരിക്കുന്ന ഭടന്മാരുടെ സമീപം നിന്ന് ഞങ്ങളില്‍ ചിലര്‍ ചിത്രങ്ങളെടുത്തു. രാജാവ് നാടുനീങ്ങിയതും ഭരണമില്ലാത്തതുമായ രാജകൊട്ടാരങ്ങള്‍ മുമ്പ് സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും അധികാരവും കിരീടവുമുള്ള രാജാവ് ജീവനോടിരുന്ന് രാജ്യഭരണം നടത്തുന്ന കൊട്ടാരം ആദ്യമായാണ് കണ്ടതെന്ന് ഞങ്ങളുടെ സംഘാംഗമായ ടി.കെ അനില്‍കുമാര്‍ പിന്നീട് പറഞ്ഞത് എല്ലാവരും ശരിവച്ചു.
ഒളിമങ്ങാത്ത രാജകീയപ്രതാപത്തിന്റെ സൗധത്തിന് മുന്നില്‍ നിന്ന് ഞങ്ങള്‍ നേരെ പോയത് മലേഷ്യയുടെ ദേശാഭിമാനസ്‌മാരകത്തിന് മുന്നിലേയ്‌ക്കാണ്.
നമുക്ക് ഇന്ത്യാഗേറ്റ് പോലെയും അമര്‍ജ്യോതി പോലെയും മലേഷ്യന്‍ ജനതയ്‌ക്ക് ഏറെ വികാരോദ്ദീപകമാണ് ആ സ്‌മാരകം. രാജ്യത്തിന് വേണ്ടി ജീവന്‍ ബലികൊടുത്ത ധീരദേശാഭിമാനികളെക്കുറിച്ച് വിവരിച്ചപ്പോള്‍ ഗൈഡിന്റെ വാക്കുകളില്‍ ആവേശം, കണ്ണുകളില്‍ കണ്ണീരിന്റെ നനവ്. അയല്‍രാജ്യത്ത് നിന്നും മലേഷ്യ പിടിച്ചടക്കാനെത്തിയ കമ്മ്യൂണിസ്റ്റ് പോരാളികളോട് ചെറുത്ത് നിന്ന് വീരമൃത്യു പ്രാപിച്ചവരെയാണ് ഇവിടെ ഓര്‍മിക്കുന്നതെന്ന് യെന്‍ പറഞ്ഞു. പഴയൊരു പോരാട്ടത്തിന്റെ ദൃശ്യം കൂറ്റന്‍ കരിങ്കല്‍ പ്രതിമകളാല്‍ അതി മനോഹരമായി ഇവിടെ ആവിഷ്‌കരിച്ചിരിക്കുന്നത് ഏവരെയും ആകര്‍ഷിച്ചു.
അവിടെ നിന്നും ഞങ്ങള്‍ മറ്റൊരുവഴിയിലൂടെ പുറത്തിറങ്ങി. ഇവിടെ ഏഷ്യന്‍ ഗാര്‍ഡന്‍ എന്ന പൂന്തോട്ടം തീര്‍ത്തിരിക്കുന്നു. ചില ഏഷ്യന്‍ രാജ്യങ്ങള്‍ തങ്ങള്‍ക്ക് അനുവദിക്കപ്പെട്ട സ്ഥലത്ത് സ്വന്തനിലയില്‍ പൂന്തോട്ടങ്ങള്‍ തീര്‍ത്തിരിക്കുന്നു. ഏഷ്യന്‍ രാജ്യങ്ങളുടെ മേല്‍ നേതൃത്വപരമായ ഒരു സ്ഥാനം മലേഷ്യ ആഗ്രഹിക്കുന്നുണ്ടോ എന്ന് തോന്നി. ഇക്കാര്യത്തിലും യൂറോ പോലെ ഏകീകൃത ഏഷ്യന്‍ കറന്‍സിയ്‌ക്കായി നമ്മുടെ രാജ്യം നടത്തുന്ന വിജയകരമായ നീക്കങ്ങളെയും അതിലുള്ള ചൈനയുടെ എതിര്‍പ്പിനെയും ഈ ലേഖകന്‍ അപ്പോള്‍ ഓര്‍മിച്ചു. അല്‍പം പിന്നിലായി നീങ്ങിയ ഞങ്ങള്‍ ഇടതുവശത്തുള്ള മരച്ചുവട്ടിലേക്ക് നോക്കിയപ്പോള്‍ ഒരു വലിയ പഴുതാര ഇഴഞ്ഞ് നീങ്ങുന്നത് കണ്ടു. ചെറിയ പാമ്പിന്റെ അത്രയും വലിപ്പമുള്ള ചുവപ്പ് നിറമുള്ള പഴുതാരയെ ഞങ്ങളില്‍ ചിലര്‍ കൗതുകത്തോടെ നോക്കി. അവയുടെ കാലുകളും രൂപവും ചൈനീസ് ഡ്രാഗണിനെ അനുസ്‌മരിപ്പിക്കുന്നതായിരുന്നു.
അവിടെ നിന്നും താഴേയ്‌ക്കിറങ്ങിയ ഞങ്ങള്‍ ഒരു കടയുടെ മുന്നിലെത്തി. ടീ ഷര്‍ട്ടുകളും തൊപ്പികളും മറ്റ് കൗതുകവസ്‌തുക്കളും വില്‌ക്കുന്ന ആ കടയുടെ ഉടമ ഒരു മലേഷ്യക്കാരി മധ്യവയ്‌സ്‌കയാണ്. ടീ ഷര്‍ട്ടുകളുടെ മുന്നില്‍ താത്‌പര്യത്തോടെ നിന്നപ്പോള്‍ സെയില്‍സ്‌മാനെന്ന് തോന്നിക്കുന്ന ഒരാള്‍ ഇറങ്ങി വന്നു. വില കേട്ടപ്പോള്‍ കൂടുതലെന്ന് തോന്നിയ ഞങ്ങള്‍ വില പേശാനാരംഭിച്ചു. തുടക്കത്തില്‍ ഒട്ടും വഴങ്ങാതിരുന്ന അയാള്‍ കുറെ കഴിഞ്ഞപ്പോള്‍ ഒരു കാര്യം നല്ല ഇംഗ്ലീഷില്‍ വ്യക്തമാക്കി. ``എന്റെ ഭാര്യയുടേതാണ് ഈ കട. ഭര്‍ത്താവായ ഞാനിവിടെ ജീവനക്കാരനാണ്. വില കുറയ്‌ക്കണമെങ്കില്‍ നിങ്ങള്‍ അവളോട് ചോദിക്കൂ. അവളുടെ അനുവാദമില്ലാതെ ഞാന്‍ വില കുറച്ച് നല്‌കിയാല്‍ അവളെന്നെ തുണ്ടം തുണ്ടമാക്കും. നിങ്ങള്‍ എന്റെ കൂടെ വരൂ. ഞാന്‍ പരിചയപ്പെടുത്താം''. കൗണ്ടറില്‍ അധികാരഭാവത്തില്‍ നില്‌ക്കുകയായിരുന്ന ആ സ്‌ത്രീയോട് `ഭര്‍ത്താവുദ്യോഗസ്ഥ'നായ അയാള്‍ ഓഛാനിച്ച് നിന്ന് കാര്യം ഉണര്‍ത്തിച്ചു. }ഞങ്ങള്‍ പറഞ്ഞ വില ആ സ്‌ത്രീ അംഗീകരിക്കുകയും ആ വിലയ്‌ക്ക് അവ നല്‌കുകയും ചെയ്‌തു. യാതൊരു ലജ്ജയുമില്ലാതെ അയാള്‍ പറഞ്ഞ കാര്യങ്ങള്‍ കച്ചവടതന്ത്രത്തിന്റെ ഭാഗമാണോയെന്ന് ആദ്യം ചിന്തിച്ചെങ്കിലും അത് ആ നാട്ടില്‍ നിലനില്‌ക്കുന്ന സ്‌ത്രീമേധാവിത്വ സംസ്‌കാരത്തിന്റെ ഉദാഹരണം മാത്രമായിരുന്നെന്ന് വ്യക്തമായി.
തിരികെ ബസില്‍ കയറിയ ഞങ്ങള്‍ നഗരക്കാഴ്‌ചകള്‍ വീണ്ടും നുകര്‍ന്ന് തുടങ്ങി. നമ്മുടെ റിസര്‍വ് ബാങ്കിന് സമാനമായ മലേഷ്യന്‍ സെന്‍ട്രല്‍ ബാങ്ക്, സമാധാനഭവനം എന്നറിയപ്പെടുന്ന പോലീസ് ആസ്ഥാനമന്ദിരം എന്നിവയെല്ലാം ബസിലിരുന്ന് ഞങ്ങള്‍ കണ്ടു. ബസ് ഒരു നക്ഷത്ര റസ്റ്റോറന്റിന് മുന്നില്‍ നിര്‍ത്തി. അന്നത്തെ ഞങ്ങളുടെ ഉച്ചഭക്ഷണം ഇവിടെയാണ് ക്രമീകരിച്ചിരിക്കുന്നത്. ലോകത്തെ എല്ലാത്തരം ഭക്ഷണവും ലഭിക്കുന്ന ആ ഹോട്ടലില്‍ ഞങ്ങള്‍ക്കായി റിസര്‍വ് ചെയ്‌തിരിക്കുന്ന മേശകളും പ്രത്യേകം തയാറാക്കിയ ഇന്‍ഡ്യന്‍ വിഭവങ്ങളും ഞങ്ങളെക്കാത്തിരിക്കുന്നു. ചൂടുള്ള സൂപ്പുമായി ഞങ്ങള്‍ ഉച്ചഭക്ഷണത്തിന് തയാറെടുത്തു. ഫ്രൈഡ് റൈസും വൈറ്റ് റൈസും കറികളും ഇന്‍ഡ്യന്‍ പായസവും റെഡി. കേരള സാമ്പാര്‍ മുതല്‍ നോര്‍ത്തിന്‍ഡ്യന്‍ പനീര്‍ വരെയുണ്ട് സമൃദ്ധമായ ആ സദ്യയില്‍.
ഭക്ഷണം കഴിച്ച് യാത്ര തുടര്‍ന്ന ഞങ്ങള്‍ ലോകപ്രശസ്‌തമായ കെ.എല്‍ ടവറിലേയ്‌ക്കാണ് പോയത്. 421 മീറ്റര്‍ അഥവാ 1381 അടി ഉയരമുള്ള ആ ഗോപുരത്തിന് മുകളില്‍ കയറണമെങ്കില്‍ 20 റിംഗിറ്റ് (ഏകദേശം 300 രൂപ) നല്‌കി പ്രത്യേക പാസ് എടുക്കേണ്ടതുണ്ട്. ഗോപുരത്തിന്റെ കൂറ്റന്‍ തൂണിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന എലിവേറ്ററിലൂടെ നിമിഷങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ അതിന് മുകളിലെത്തി. ക്വലാലംപൂര്‍ സിറ്റിയുടെ വിഹഗവീക്ഷണം അതിന് മുകളില്‍ നിന്നാല്‍ ലഭ്യമാണ്. കിലോമീറ്ററുകള്‍ ദൂരെ ഞങ്ങള്‍ താമസിക്കുന്ന ഹോട്ടല്‍ പോലും അവിടെ നിന്ന് വ്യക്തമായി കണ്ടു. മുസ്ലീം സഹോദരങ്ങള്‍ക്ക് റംസാന്‍ ചന്ദ്രിക കാണുന്നതിനുള്ള നിരീക്ഷണഗോപുരം എന്ന നിലയിലും കെ.എല്‍ ടവര്‍ പ്രസിദ്ധമാണ്. ടവറിന് മുകളില്‍ വാച്ചുകളും വസ്‌ത്രങ്ങളും കരകൗശലവസ്‌തുക്കളും വില്‌ക്കുന്ന കച്ചവടക്കാരും സജീവമാണ്. ഉയരംകൂടും തോറും വിലയും ഉയരുമെന്ന സിദ്ധാന്തം അവിടെ പ്രയോഗിച്ചിരിക്കുന്നതായും തോന്നി.

മലേഷ്യന്‍ രാജകൊട്ടാരത്തിന് മുന്നിലൂടെ എഴുന്നള്ളുന്ന അശ്വാരൂഢ സേന.

രാജകൊട്ടാരത്തിന്റെ ഫോട്ടോയെടുക്കുന്ന സഞ്ചാരികള്‍.


കൊട്ടാരവാതിലില്‍ നിലയുറപ്പിച്ച അശ്വാരൂഢ സേനാംഗത്തോടൊപ്പം.

കൊട്ടാരമതില്‍ക്കെട്ടിലെ പ്രധാന കാവല്‍ക്കാരനൊപ്പം


മലേഷ്യയുടെ ദേശാഭിമാന സ്‌മാരകസ്‌തംഭത്തിന് മുന്നില്‍

സാമ്പിള്‍ സൗജന്യമാണ് !
കെ.എല്‍ ടവറില്‍ നിന്നും ഞങ്ങള്‍ ബസില്‍ കയറി. പിന്നീട് എത്തിയത് ഒരു ചോക്ലേറ്റ് ഫാക്‌ടറിയിലാണ്. അവിടെയും തോളില്‍ സ്റ്റിക്കര്‍ ഏറ്റുവാങ്ങി ഞങ്ങള്‍ അകത്ത് പ്രവേശിച്ചു. കൊക്കോക്കായ പറിച്ചെടുക്കുന്നത് മുതല്‍ ചോക്ലേറ്റ് ആകുന്നത് വരെയുള്ള ഘട്ടങ്ങള്‍ ചിത്രങ്ങളുടെ സഹായത്തോടെ ഒരാള്‍ വിവരിച്ചുതന്നു. അവിടെ നിന്നും മറ്റൊരു ഹാളിലേക്ക് നീങ്ങിയ ഞങ്ങള്‍ കരുതിയത് അത് ഫാക്‌ടറിയാണെന്നാണ്. എന്നാല്‍ വിവിധ തരം ചോക്ലേറ്റുകള്‍ നിരത്തി വച്ചിരിക്കുന്ന വില്‌പനശാലയായിരുന്നു അത്. മധുരവും കൊളസ്‌ട്രോളുമില്ലാത്ത ചോക്ലേറ്റുകള്‍ മുതല്‍ വൈവിധ്യമാര്‍ന്ന ടോഫികളും വേഫറുകളും അവിടെ വില്‌പനയ്‌ക്ക് നിരത്തിയിരിക്കുന്നു.
ചില ഇനങ്ങളുടെയും സാമ്പിളുകള്‍ ഞങ്ങള്‍ക്ക് രുചി നോക്കുവാന്‍ തന്നു. കനത്ത വിലയായതിനാല്‍ കാശ് കൊടുത്ത് വാങ്ങാന്‍ ആരും തയാറായില്ല. ഫാക്‌ടറിയ്‌ക്ക് പുറത്തിറങ്ങിയതും അതാ റോഡിന് എതിര്‍വശത്ത് നിന്നും വിവിധതരം പഴങ്ങള്‍ നിരത്തി വച്ച ഒരു ഉന്തുവണ്ടി പാഞ്ഞുവരുന്നു. ഒരു ബൈക്ക് അതുമായി ഘടിപ്പിച്ചിരിക്കുന്നു. ബൈക്ക് ഓടിയ്‌ക്കുന്നത് ഒരു വനിതയാണ്. ഞങ്ങളെ അവര്‍ പഴങ്ങള്‍ വാങ്ങാന്‍ ക്ഷണിച്ചു. ഗ്രീന്‍ ആപ്പിളും റമ്പൂട്ടാനും മാംഗോസ്റ്റിനുമൊക്കെ വണ്ടിയിലുണ്ട്. സാമാന്യം വലിപ്പമുള്ള റമ്പൂട്ടാന്‍ പഴങ്ങള്‍ ഓരോന്ന് ആദ്യം കൈനീട്ടിയ എട്ടു പത്ത് പേര്‍ക്ക് അവര്‍ രുചിക്കാന്‍ നല്‌കി. സാമ്പിള്‍ കിട്ടാത്തവര്‍ കൈനീട്ടിയപ്പോള്‍ സൗജന്യം നിര്‍ത്തിയെന്നും ഇനി പണം കൊടുത്ത് വാങ്ങണണെന്നും അവര്‍ വ്യക്തമാക്കി. പഴങ്ങളുടെ വില കേട്ട് ഭയന്ന് എല്ലാവരും തിരിച്ച് നടക്കുന്നതിനിടെ അവര്‍ പഴംവണ്ടിയുമായി യാത്രയായി.
സൗജന്യ സാമ്പിളിനായുള്ള വ്യഗ്രതയെ പരാമര്‍ശിച്ച് ഒരു സംഘാംഗത്തിന്റെ കമന്റ്. ``ഇനി നമ്മള്‍ ഒരു കീടനാശിനി നിര്‍മാണ ഫാക്‌ടറിയിലേക്കാണ് പോകുന്നത് '' അതുകേട്ട് എല്ലാവരും ആര്‍ത്തുചിരിക്കുന്നതിനിടെ ബസ് മുന്നോട്ടുനീങ്ങി. ലോകപ്രശസ്‌തമായ പെട്രോണാസ് ഇരട്ട ഗോപുരത്തിന് മുന്നില്‍ ബസ് നിര്‍ത്തി. തായ്‌പെയ് 101 എന്ന കെട്ടിടം വരുന്നത് വരെ ലോകത്തിലെ ഏറ്റവും ഉയരമുള്ള മന്ദിരം ഇതായിരുന്നു. തായ്‌പെയിനെയും കടത്തി വെട്ടി ബര്‍ജ് ദൂബായില്‍ ബര്‍ജ് ഖാലിഫ് എന്ന വിസ്‌മയഗോപുരം ഉയര്‍ന്ന് കഴിഞ്ഞു. ഇവയെല്ലാം ഉണ്ടായാലും ലോകത്തിലെ ഏറ്റവും വലിയ ഇരട്ട ഗോപുരമെന്ന ബഹുമതി പെട്രോണാസിന് നഷ്‌ടപ്പെട്ടിട്ടില്ല. അതിന് മുന്നില്‍ നിന്ന് ഫോട്ടോകളെടുത്ത് അല്‌പനേരത്തെ വിശ്രമത്തിനായി എല്ലാവരും ബസില്‍ തന്നെ ഹോട്ടല്‍ മുറികളിലേക്ക് മടങ്ങി.
വൈകുന്നേരം അഞ്ച്‌മണിയ്‌ക്ക് ആയുര്‍വേയുടെ സ്‌പെഷ്യല്‍ കോണ്‍ഫറന്‍സ് ഫൈവ് എലിമെന്റ്‌സ് ഹോട്ടലിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ എം.ഡി പി.ഒ സാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. നിശ്ചയദാര്‍ഡ്യം കൈമുതലാക്കി ഒരു അവികിസിത രാജ്യമെന്ന നിലയില്‍ നിന്ന് മലേഷ്യ നടത്തിയ മുന്നേറ്റത്തില്‍ നിന്ന് നമുക്ക് പലതും പഠിയ്‌ക്കാനുണ്ടെന്ന് അദ്ദേഹം അംഗങ്ങളെ ഓര്‍മിപ്പിച്ചു. രാത്രി എട്ട്‌മണിയ്‌ക്ക് മീറ്റിംഗ് അവസാനിപ്പിച്ച് അത്താഴം കഴിയ്‌ക്കുന്നതിനായി ഞങ്ങള്‍ മെനാറ പാപ് സിങ് എന്ന സ്ഥലത്തെ ദി ഒലിവ് ട്രീ എന്ന ഇന്‍ഡ്യന്‍ ഹോട്ടലിലേയ്‌ക്കാണ് പോയത്. മലയാളിയും നിലമ്പൂര്‍ സ്വദേശിയുമായ ഷിന്റോ ഹോട്ടലിന്റെ പ്രധാന ചുമതലക്കാരനാണ്. രുചികരമായ പഞ്ചാബി വിഭവങ്ങളാണ് അന്ന് ഒരുക്കിയിരുന്നതെങ്കിലും കേരളത്തനിമയുള്ള കറികളും ഞങ്ങള്‍ക്കായി തയാറാക്കിയിരുന്നു.
ഭക്ഷണം കഴിഞ്ഞ് തിരികെയെത്തിയ ഞങ്ങള്‍ നേരത്തെ തീരുമാനിച്ചതനുസരിച്ച് ഷോപ്പിംഗിനിറങ്ങി. ഞങ്ങള്‍ താമസിക്കുന്ന ഹോട്ടല്‍ സ്ഥിതിചെയ്യുന്നത് ക്വലാലംപൂരിലെ അറിയപ്പെടുന്ന ഷോപ്പിഗ് കേന്ദ്രമായ ചൈനാടൗണിലായിരുന്നു. എല്ലാവരും പല ഗ്രൂപ്പുകളായി തിരിഞ്ഞ് ചൈനാടൗണ്‍ മാര്‍ക്കറ്റിലേക്ക് നീങ്ങി. രാത്രി 11 വരെയാണ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. ക്വലാലംപൂരിലെ വില കണക്കാക്കിയാല്‍ താരതമ്യേന വിലക്കുറവ് എന്ന് പറയാമെങ്കിലും എല്ലാ ഉത്‌പന്നങ്ങള്‍ക്കും നമ്മുടെ നാട്ടിലേതിനേക്കാള്‍ മൂന്നിരട്ടി വിലയായിരുന്നു അവിടെ. വില പേശി വാങ്ങിയില്ലെങ്കില്‍ നഷ്‌ടം ഇരട്ടിയാകുമെന്ന് മാത്രം. മലേഷ്യക്കാരും തായ്‌ലന്‍ഡുകാരുമാണ് വ്യാപാരികളിലേറെയും. യുവതികള്‍ ചുറുചുറുക്കോടെ വ്യാപാരത്തിലേര്‍പ്പെട്ടിരിക്കുന്നതും കാണാന്‍ കഴിഞ്ഞു. ഒരാള്‍ക്ക് കഷ്‌ടി നടന്ന് പോകാന്‍ കഴിയുന്ന വഴിയ്‌ക്കിരുവശവും താത്‌ക്കാലികമായി കെട്ടിയുയര്‍ത്തിയ കടകള്‍. പോക്കറ്റടിയും പിടിച്ചുപറിയും ഉണ്ടാകുമെന്ന ഭീഷണിയില്‍ എല്ലാവരും പഴ്‌സുകളും പോക്കറ്റുകളും പ്രത്യേകശ്രദ്ധയോടെ സൂക്ഷിച്ചു.
മാര്‍ക്കറ്റിന് പുറത്തിറങ്ങിയപ്പോള്‍ സമയം രാത്രി 11 കഴിഞ്ഞു. ഇതിനകം കടകളെല്ലാം അടച്ചു തുടങ്ങി. മാര്‍ക്കറ്റില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ തട്ടുകടയിലെ ചീനച്ചട്ടികളില്‍ നിന്നും ഉയരുന്ന പുകയും ഗന്ധവും അടുത്തായി കൂട്ടിയിട്ടിരിക്കുന്ന മലേഷ്യന്‍ ചക്കയുടെ മൂക്ക് തുളയ്‌ക്കുന്ന മണവും അസഹ്യമായി അനുഭവപ്പെട്ടു. പ്രധാനറോഡിലെ കടകളെല്ലാം നേരത്തെ അടച്ചിരുന്നു എങ്കിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളും ഉണ്ടായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റുകളിലെല്ലാം മദ്യവും വില്‌പനക്കുണ്ട്. മിനറല്‍ വാട്ടര്‍ വില്‌പനയ്‌ക്ക് വച്ചിരിക്കുന്ന ലാഘവത്തോടെയാണ് മദ്യക്കുപ്പികള്‍ നിരത്തിയിരിക്കുന്നത്. ഇവിടെ എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളിലും മദ്യം വില്‌പനയ്‌ക്കുണ്ട്. കടയില്‍ സെയില്‍മാന്‍മാര്‍ തീരെ കുറവ്. മോഷണം തടയാന്‍ സഹായിക്കുന്നത് ക്ലോസ്‌ഡ് സര്‍ക്യൂട്ട് കാമറകള്‍ മാത്രം. മുമ്പ് ആ കടയില്‍ മോഷണം നടത്തിയ ഒരു വിരുതന്റെ ചിത്രം കൗണ്ടറില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അവനെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് കടയുടമ സ്വന്തം നിലയില്‍ ഇനാം പ്രഖ്യാപിച്ചിരിക്കുന്നു.
അത്യാവശ്യം പര്‍ച്ചേയ്‌സുമെല്ലാം കഴിഞ്ഞ് റൂമിലെത്തുമ്പോള്‍ സമയം രാത്രി 12.30 കഴിഞ്ഞു. അന്ന് കണ്ട മലേഷ്യന്‍ കാഴ്‌ചകളുടെ മധുരമൂറുന്ന ഓര്‍മകളുമായി കിടന്നുറങ്ങി.
![]() |
റസ്റ്റോറന്റില്‍ ഒരുക്കിയിരിക്കുന്ന ഉച്ചഭക്ഷണത്തട്ട്. |
![]() |
ചൈനാ ടൗണ്‍ മാര്‍ക്കറ്റില്‍ രാവിലെ സാധനങ്ങള്‍ നിരത്തി കച്ചവടത്തിന് തയാറെടുക്കുന്ന വ്യാപാരികള്‍. |
![]() |
ഹോട്ടല്‍മുറിയ്‌ക്കുള്ളില്‍ |
![]() |
അല്‌പനേരം വിശ്രമം. ടി.കെ അനില്‍കുമാര്‍, എം.ഒ ജോസ്, ആയുര്‍വേ ലിമിറ്റഡ് ചെയര്‍മാന്‍ വേണുഗോപാലന്‍, ഫാ. മാത്യു അയ്യന്‍കോലില്‍ സി.എം.ഐ എന്നിവര്‍ക്കൊപ്പം. |
![]() |
ആയുര്‍വേ ബിസിനസ് മാനേജര്‍മാരായ എം.ഒ ജോസ്, ടി.ജെ ജോയി , മാനേജിംഗ് ഡയറക്ടര്‍ പി.ഒ സാബു(നില്‍ക്കുന്നത്) എന്നിവര്‍ക്കൊപ്പം. |
മലമുകളിലെ പാര്‍ക്കിലേക്ക്
ഹൈലാന്‍ഡ് ഹില്‍സിലെ അമ്യൂസ്‌മെന്റ് പാര്‍ക്കിലേക്ക് ഞങ്ങള്‍ പ്രവേശിക്കുകയാണ്. കൈത്തണ്ടയില്‍ വാച്ച് പോലെ കെട്ടുന്ന തരത്തിലാണ് അവിടത്തെ ടിക്കറ്റ്. റൈഡുകളില്‍ യഥേഷ്‌ടം കയറാം. അതിവിശാലമായ ആ സ്ഥലത്ത് വ്യത്യസ്‌തതയാര്‍ന്ന നിരവധി റൈഡുകളും കാണാന്‍ കഴിഞ്ഞു. ഞങ്ങളുടെ സംഘാഗംങ്ങളില്‍ പലരും റൈഡുകളില്‍ കയറുന്നതില്‍ പ്രായം മറന്നു. പാര്‍ക്കിനുള്ളിലെ ഷോപ്പിംഗ് കേന്ദ്രങ്ങള്‍ ഏറെ ആകര്‍ഷകമായിത്തോന്നി. വൈകുന്നേരം അഞ്ചിന് തന്നെ എല്ലാവരും തിരികെ പോകാന്‍ സമ്മേളിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. 4.30 ആയപ്പോഴേക്കും കനത്ത മൂടല്‍മഞ്ഞ് പുകച്ചുരുളുകള്‍ പോലെ ഉയര്‍ന്ന് തുടങ്ങി.
അല്‌പസമയത്തിനുള്ളില്‍ ബസ് എത്തി. നേരത്തെ ചാര്‍ട്ട് ചെയ്‌തിരുന്നതിലും ഒന്നര മണിക്കൂറോളം നേരത്തെയാണ് ഞങ്ങളുടെ മടക്കം. തിരികെ പോകുന്ന വഴിയില്‍ ദേശശ്രീ ഹര്‍ത്തമാസ് എന്ന സ്ഥലത്ത് പ്രൈഡ് ഓഫ് ഇന്‍ഡ്യ എന്ന ഹോട്ടലിലായിരുന്നു ഞങ്ങള്‍ക്ക് അത്താഴം തയാറാക്കിയിരുന്നത്. ഇന്നലെ ഞങ്ങള്‍ അത്താഴം കഴിച്ച ദ ഒലിവ് ട്രീ ഹോട്ടലിലെ മലയാളി ഷിന്റോയുടെ സഹോദരന്‍ അമല്‍ ആണ് ഈ ഹോട്ടലിന്റെ മാനേജര്‍. തല മൊട്ടയടിച്ച് ഫ്രഞ്ച്‌താടി വച്ചൊരു സുന്ദരരൂപന്‍. നോര്‍ത്തിന്‍ഡ്യന്‍ വിഭവങ്ങള്‍ക്ക് പേര് കേട്ട ഇവിടെ ഞങ്ങള്‍ക്കായി അമല്‍ മുന്‍കൈയെടുത്ത് കേരള മീല്‍സും നെയ്‌മീന്‍ കറിയും രസവും ചൗവരി പായസവുമൊക്കെ തയാറാക്കിയിട്ടുണ്ട്.
സുഖമായുണ്ടതിന്റെ സംതൃപ്‌തിയുമായി ഞങ്ങള്‍ ഹോട്ടല്‍ വിട്ടിറങ്ങുമ്പോള്‍ അമല്‍ ഞങ്ങള്‍ക്കൊപ്പം പുറത്തേയ്‌ക്കിറങ്ങി. ആയുര്‍വേ ഭൂതത്താന്‍കെട്ട് സെന്റര്‍ ഡയറക്‌ടര്‍ ഫാ. മാത്യു അയ്യന്‍കോലിലിനെ പുണര്‍ന്ന് അമല്‍ പറഞ്ഞു. ``അച്ചാ..ഞങ്ങള്‍ക്കായി പ്രാര്‍ഥിക്കണം '' പിന്നെ തിരിഞ്ഞ് ഞങ്ങളോടായി ``നിങ്ങള്‍ എല്ലാവരും പ്രാര്‍ഥിക്കണം.'' തിരികെ ബസില്‍ പോരുമ്പോള്‍ ഷോപ്പിംഗിന് പറ്റിയ മെയ്‌ദീന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ ഉള്‍പ്പെടെയുള്ള ചില സ്ഥാപനങ്ങള്‍ ഗൈഡ് കാട്ടിത്തന്നു. ഹോട്ടലിന് മുന്നില്‍ ബസിറങ്ങിയ ചിലര്‍ നേരെ അങ്ങോട്ട് വിട്ടു. ഞങ്ങള്‍ കുറച്ച് പേര്‍ മുറിയില്‍ പോയി അല്‍പം വിശ്രമിച്ച ശേഷം തെരുവിലേയ്‌ക്കിറങ്ങി. നാളെ കാണാമെന്ന് പറഞ്ഞ് യെന്‍ മടങ്ങിയിരുന്നു. ചൈനാടൗണ്‍ മാര്‍ക്കറ്റിലും സൂപ്പര്‍മാര്‍ക്കറ്റുകളിലുമായി കുറച്ച് ഷോപ്പിംഗ് കൂടി നടത്തി ഞങ്ങള്‍.
തിരികെ മുറികളിലേക്ക് മടങ്ങുമ്പോള്‍ നാളെ മലേഷ്യ വിടണമല്ലോയെന്ന ചെറിയൊരു വിഷമം. ഒപ്പം നാട്ടിലേയ്‌ക്ക് മടങ്ങുന്നതിന്റെ ആഹ്ലാദവും. പായ്‌ക്കിംഗ് രാത്രിയില്‍ തന്നെ പൂര്‍ത്തിയാക്കി. പിറ്റേന്ന് പതിവിലും നേരത്തെ ഉണര്‍ന്ന് തയാറായി പ്രഭാതഭക്ഷണവും കഴിച്ച് താഴെയെത്തുമ്പോള്‍ ഞങ്ങളെ യാത്രയാക്കാന്‍ യെന്‍ എത്തിയിരുന്നു. ബസില്‍ നിന്നും വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ യെന്‍ പറഞ്ഞു. ``നിങ്ങള്‍ കണ്ടത് മലേഷ്യയുടെ ആകെച്ചിത്രമാണെന്ന് ധരിയ്‌ക്കരുത്. മലേഷ്യയുടെ സമ്പന്നവശം മാത്രാമായിരുന്നു അത്. ഭൂരിഭാഗം വരുന്ന ഗ്രാമീണജനത ദാരിദ്രത്തിലും പ്രയാസത്തിലുമാണ്. ആ ചിത്രം നിങ്ങള്‍ക്ക് കാണേണ്ടേ...'' അദ്ദേഹം തന്റെ പക്കലുണ്ടായിരുന്ന സി.ഡി വാഹനത്തിലെ സി.ഡി പ്ലേയറിലിട്ട് പ്രദര്‍ശിപ്പിച്ചു. മലേഷ്യന്‍ ഗ്രാമീണജീവിതത്തിന്റെ നേര്‍ക്കാഴ്‌ചയായിരുന്നു ആ ലഘുചിത്രം. `മലേഷ്യയെ നിങ്ങള്‍ ഓര്‍മിക്കും എല്ലാക്കാലവും' എന്നര്‍ഥം വരുന്ന ഇംഗ്ലീഷ്‌ഗാനം പശ്ചാത്തലത്തില്‍ മുഴങ്ങി. ആയുര്‍വേ മാനേജിംഗ് ഡയറക്ടര്‍ പി.ഒ സാബു യെന്നിനും ഷിജോയ്‌ക്കും ഔപചാരികമായി നന്ദി പറഞ്ഞു. ഞങ്ങളുടെ ഉപഹാരം ഷിജോ യെന്നിന് കൈമാറി. എയര്‍പോര്‍ട്ടിന് മുന്നില്‍ ബസിറങ്ങുമ്പോള്‍ യെന്‍ ഞങ്ങള്‍ ഓരോരുത്തരോടും പ്രത്യേകം യാത്ര പറഞ്ഞു.
മനസ് നിറയെ മലേഷ്യന്‍ കാഴ്‌ചകളുടെ സ്‌മരണയുമായി ക്വലാലംപൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും മടങ്ങുമ്പോള്‍ നാട്ടില്‍ കാത്തിരിക്കുന്ന പ്രിയപ്പെട്ടവരായിരുന്നു മനസില്‍. ഇന്‍ഡ്യന്‍ സമയം വൈകുന്നേരം 4.30-ന് ഞങ്ങളെയും വഹിച്ചുകൊണ്ടുള്ള എയര്‍ ഏഷ്യയുടെ എ.കെ 203-ാം നമ്പര്‍ ഫ്‌ളൈറ്റ് നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിലിറങ്ങുമ്പോള്‍ ഞങ്ങളുടെ ഹൃദയം മന്ത്രിച്ചു. ``മലേഷ്യയെ ഞങ്ങള്‍ മറക്കില്ല, ഒരു കാലത്തും-ആയുര്‍വേയിലൂടെ ലഭിച്ച ഈ സൗഭാഗ്യത്തെയും.''
(അവസാനിച്ചു)
![]() |
മലമുകളിലെ അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ മുകള്‍ നിലയിലേക്ക് എലിവേറ്ററിലൂടെ |
![]() |
കാസിനോ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡുകളിലൂടെ. |
![]() |
എയര്‍പോര്‍ട്ടിലെ വെയ്‌റ്റിംഗ് ലോഞ്ചില്‍ മടക്കയാത്രയ്‌ക്ക് കാത്തിരിക്കുന്ന സംഘാംഗങ്ങള്‍. |
![]() |
മടക്കയാത്രയില്‍ ഫ്‌ളൈറ്റിനുള്ളില്‍ |
good photos...
ReplyDeletereally awesome,,,......
Thank you muhammed Nihas
ReplyDeleteThank you Tijo, thank you so much. Happy Easter in advance
ReplyDeleteനന്ദി സിസ്റ്റര്‍, ഉയിര്‍പ്പു പെരുന്നാള്‍ ആശംസകള്‍.
ReplyDelete