Monday, 11 July 2011

അക്ഷരശ്രീ പുരസ്‌കാരം

ലീഡര്‍ കെ. കരുണാകരന്‍ സ്‌മാരക ഫോറം ഏര്‍പ്പെടുത്തിയ അക്ഷരശ്രീ പുരസ്‌കാരം മേഘാലയ മുന്‍ഗവര്‍ണറും ഫോറം രക്ഷാധികാരിയുമായ എം.എം ജേക്കബില്‍ നിന്നും 2011 ജൂലൈ പത്താം തീയതി കോട്ടയം ജില്ലയിലെ പുതുവേലിയില്‍ വച്ച്‌ ഏറ്റു വാങ്ങിയ ചടങ്ങിലെ ചില ദൃശ്യങ്ങള്‍.
  ചടങ്ങ്‌ ഉദ്‌ഘാടനം.

അവാര്‍ഡ്‌ ഏറ്റുവാങ്ങുന്നു 
എം.എം ജേക്കബ്‌ 


മോന്‍സ്‌ ജോസഫ്‌ എംഎല്‍എ
കെപിസിസി നിര്‍വാഹകസമിതിയംഗം പ്രഫ. കെ.കെ ഏബ്രഹാം
എന്റെ 'അധികപ്രസംഗം'
വേദിയില്‍ നിന്ന്‌ പുറത്തേക്ക്‌.

ശ്രീ. എം.എം ജേക്കബിനോടൊത്ത്‌

Friday, 15 April 2011

സാബുവും ലാലാജിയുടെ ഭാ.അ.പ്ര-യും

20 വര്‍ഷം മുമ്പായിരുന്നു അത്‌. മണിമലക്കുന്ന്‌ ഗവണ്‍മെന്റ്‌ കോളജില്‍ പ്രീഡിഗ്രി വിദ്യാര്‍ഥികളായിരുന്ന സാബു ചാക്കോയും ഞാനും പതിവുപോലെ വൈകുന്നേരം കരിമ്പന കവലയില്‍ കെഎസ്‌ആര്‍ടിസി ഓര്‍ഡിനറി ബസില്‍ വന്നിറങ്ങി.




ബസ്‌ നിര്‍ത്തിയ സ്റ്റോപ്പിന്‌ സമീപമുള്ള വെയ്‌റ്റിംഗ്‌ഷെഡിന്‌ മുന്നില്‍ ഒതുക്കിയിട്ട അംബാസഡര്‍ കാറിന്‌ മുന്നില്‍ നിന്ന്‌ ഒരാള്‍ ഉച്ചഭാഷിണിയിലൂടെ പ്രസംഗിക്കുന്നു. രാഷ്‌ട്രീയപ്രസംഗമാണ്‌. എന്നാല്‍ അത്‌ പരിചയമുള്ള ഒരു രാഷ്‌ട്രീയപാര്‍ട്ടിയുടേതുമല്ല. ഒരു പുതിയ രാഷ്‌ട്രീയപാര്‍ട്ടിയെന്ന ആശയവുമായാണ്‌ ആ ചെറുസംഘം എത്തിയിരിക്കുന്നത്‌. പ്രസംഗിക്കുന്ന ആളാണ്‌ പാര്‍ട്ടിയുടെ നേതാവ്‌. പേര്‌ ലാലാജി. പാര്‍ട്ടിയുടെ പേര്‌ ഭാ.അ.പ്ര. പൂര്‍ണനാമം ഭാരതീയ അതിപുരോഗമന പ്രവര്‍ത്തകസംഘം.






അക്കാലത്തെ പ്രധാനദേശീയകക്ഷികളായ കോണ്‍ഗ്രസിനോ ജനതാദളിനോ വി.പി സിംഗിന്റെ ജനതാദള്‍ സര്‍ക്കാരിനെ പിന്താങ്ങുന്ന ബിജെപിക്കോ ഇടതുകക്ഷികള്‍ക്കോ രാജ്യത്തെ രക്ഷിക്കാനാവില്ലെന്നും അവയ്‌ക്ക്‌ ബദലായാണ്‌ ഭാ.അ.പ്ര-യെ അവതരിപ്പിച്ചിരിക്കുന്നതെന്നുമാണ്‌ പ്രസംഗത്തിന്റെ കാതല്‍. അറുപതിനോടടുത്ത്‌ പ്രായമുള്ളയാളാണ്‌ ലാലാജി. മലയാളിയാണെങ്കിലും ഒരു ഉത്തരേന്ത്യന്‍ നേതാവിന്റെ കെട്ടും മട്ടുമൊക്കെയാണ്‌ അദ്ദേഹത്തിന്‌. ഭാ.അ.പ്ര-യുടെ അനുയായികള്‍ ഓരോ ലഘുലേഖ കോളേജ്‌ കുമാരന്മാരായ ഞങ്ങള്‍ക്ക്‌ നല്‌കി. സംഘടനയുടെ ആശയവും കാഴ്‌ചപ്പാടും അതില്‍ അവതരിപ്പിച്ചിരിക്കുന്നു.






ഭാരതത്തിലെ ഓരോ ഗ്രാമത്തിലും സംഘടനയ്‌ക്ക്‌ യൂണിറ്റുകള്‍ ഉണ്ടാകണമെന്നും അതിന്‌ താത്‌പര്യമുള്ളവര്‍ ബന്ധപ്പെടണമെന്നും പറഞ്ഞ്‌ ഒരു വിലാസവും നല്‌കിയിരിക്കുന്നു. തൃശൂരോ മറ്റോ ആണെന്ന്‌ തോന്നുന്നു പാര്‍ട്ടിയുടെ ആസ്ഥാനം. പ്രസംഗമൊക്കെ അവസാനിപ്പിച്ച്‌ സംഘം മടങ്ങി. ഞങ്ങളാകട്ടെ വീട്ടിലേക്കും. എനിയ്‌ക്ക്‌ ആ പ്രസംഗത്തിലോ, സംഘടനയിലോ യാതൊരു താത്‌പര്യവും തോന്നിയില്ല. പ്രധാനമായും രണ്ട്‌ കാരണങ്ങള്‍-1-അക്കാലത്ത്‌ വിദ്യാര്‍ഥി സംഘടനാരംഗത്ത്‌ കുറച്ചൊക്കെ സജീവമായിരുന്നു ഞാന്‍. ഞങ്ങളുടെ മാതൃസംഘടനയെയും ലാലാജിയുടെ പാര്‍ട്ടി കുറ്റപ്പെടുത്തുന്നുണ്ട്‌. 2-ഭാ.അ.പ്ര എന്ന അതിന്റെ ചതഞ്ഞ പേര്‌. പണ്ട്‌ സ്‌കൂളില്‍ കണക്ക്‌ പഠിക്കുമ്പോള്‍ കേട്ട ഉ.സാ.ഘ-യും ല.സാ.ഗു-വും പോലെ.






പണ്ട്‌ സ്‌കൂളില്‍ പഠിയ്‌ക്കുന്ന കാലത്ത്‌ ല.സാ.ഗു-ലഘുതമ സാധാരണ ഗുണിതം, ഉ.സാ.ഘ-ഉത്തമ സാധാരണ ഘടകം എന്നിങ്ങനെ ഞാന്‍ വീട്ടിലിരുന്ന്‌ ചൊല്ലി പഠിച്ചു കൊണ്ടിരുന്നപ്പോള്‍ അത്‌ കേട്ടുകൊണ്ട്‌ വന്ന എന്റെ പിതാവ്‌ തമാശയായി പറഞ്ഞു. നന്നായി പഠിച്ചോ, ഇല്ലെങ്കില്‍ ഗു.വ.പ്ര-യാകും. (എന്നു വച്ചാല്‍ ഗുണം വരാന്‍ പ്രയാസം ആകുമെന്ന്‌). ഇക്കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ടിരിക്കെ ഞാന്‍ നോട്ടീസ്‌ എവിടെയോ കളഞ്ഞു. എന്നാല്‍ സാബുവിന്റെ മനസില്‍ ലഡു പൊട്ടി. അവന്‍ അത്‌ ഭദ്രമായി ബുക്കിനുള്ളില്‍ സൂക്ഷിച്ചുവച്ചു.






സാബുവും ഞാനും ഒന്നാം ക്ലാസുമുതല്‍ ഒരുമിച്ച്‌ പഠിച്ച്‌ വളര്‍ന്നവരാണ്‌. ഒന്ന്‌ മുതല്‍ ഏഴ്‌ വരെ ഉപ്പുകണ്ടം ഗവണ്‍മെന്റ്‌ യു.പി സ്‌കൂളിലും എട്ട്‌ മുതല്‍ പത്ത്‌ വരെ പാലക്കുഴ ഗവണ്‍മെന്റ്‌ മോഡല്‍ ഹൈസ്‌കൂളിലും. പ്രീഡിഗ്രിക്ക്‌ മണിമലക്കുന്ന്‌ ഗവണ്‍മെന്റ്‌ കോളജിലും ഒരുമിച്ച്‌ തന്നെ. സാബു നാട്ടിലും വീട്ടിലും അറിയപ്പെടുന്നത്‌ തമ്പി എന്ന ഓമനപ്പേരിലാണ്‌. ആ പേര്‌ വീണതിന്‌ പിന്നില്‍ ഒരു സംഭവമുണ്ട്‌. അവന്‌ നാല്‌ വയസ്‌ പ്രായമുള്ളപ്പോള്‍ ഞങ്ങളുടെ നാട്ടില്‍ ഒരു സര്‍ക്കസ്‌ ടീം ക്യാമ്പ്‌ ചെയ്‌തു. ഒരു മാസത്തോളം ഇവിടെ കൂടാരമടിച്ച്‌ കലാപരിപാടികളും അഭ്യാസങ്ങളും അവതരിപ്പിക്കുന്ന സംഘങ്ങള്‍ അക്കാലത്ത്‌ ഇവിടെ പതിവായി എത്തുമായിരുന്നു. ഞങ്ങളുടെ വീടിന്‌ മുന്നിലായിരുന്നു സ്റ്റേജ്‌.






അക്കാലത്ത്‌ എത്തിയ സര്‍ക്കസ്‌ സംഘത്തിലെ പ്രധാനിയായിരുന്നു തമ്പി എന്നയാള്‍. ഒത്ത ശരീരഘടനയുമായി മസിലും പെരുപ്പിച്ച്‌ നില്‌ക്കുന്ന തമ്പിയെ കണ്ടപ്പോള്‍ സാബുവിന്‌ ബഹുമാനം. അന്ന്‌ സര്‍ക്കസ്‌ കണ്ട്‌ മാതാപിതാക്കള്‍ക്കും അയല്‍ക്കാര്‍ക്കുമൊപ്പം വീട്ടിലേക്ക്‌ നടക്കുമ്പോള്‍ തമ്പിയോടുള്ള ആരാധന മൂത്ത്‌ സാബു ഇങ്ങനെ പ്രഖ്യാപിച്ചു-`ഞാനാണ്‌ തമ്പി'. കൂട്ടച്ചിരിക്കൊടുവില്‍ സാബുവിനെ എല്ലാവരും തമ്പിയെന്ന്‌ വിളിച്ചു. പിന്നീട്‌ ആ പേര്‌ അവന്‌ ബാധ്യതയായി മാറുകയും ചെയ്‌തു.






സാബുവിന്‌ കോളേജില്‍ ഒരു വിദ്യാര്‍ഥി സംഘടനയോടും പ്രതിപത്തിയില്ല. വീട്ടുകാര്‍ ഇടതുപക്ഷ ചിന്താഗതിയുള്ളവരായിരുന്നെങ്കിലും എസ്‌.എഫ്‌.ഐയുടെ ക്ഷണം അവന്‌ സ്വീകാര്യമായില്ല. കെ.എസ്‌.യുവിനോടും അത്‌ തന്നെയായിരുന്നു നിലപാട്‌. രാഷ്‌ട്രീയതാത്‌പര്യമൊന്നുമില്ലെങ്കിലും അവന്‌ കോളേജ്‌ യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക്‌ ഒരിക്കല്‍ മത്സരിക്കേണ്ടി വന്നു. (ആ കഥ പിന്നീടൊരിക്കല്‍ പറയാം.)






മറ്റൊരവസരത്തില്‍ കോളേജ്‌ യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ തലേദിവസം അവന്‍ രസകരമായൊരു പ്രകടനം കാഴ്‌ച വച്ചു. ഇപ്പോഴത്തെ പ്രധാനമന്ദിരം അന്ന്‌ നിര്‍മിച്ചിട്ടില്ല. കോളേജിന്റെ ശൈശവദശയായിരുന്നതിനാല്‍ സെമിപെര്‍മനന്റ്‌ ഷെഡിലാണ്‌ ക്ലാസുകള്‍ നടക്കുന്നത്‌. രാവിലെ മുതല്‍ കാമ്പസിനുള്ളില്‍ ഈ ഷെഡിന്റെ വരാന്തയിലൂടെ കെ.എസ്‌.യു.വിന്റെയും എസ്‌.എഫ്‌.ഐയുടെയും ശക്തിപ്രകടനങ്ങള്‍ നടക്കുകയാണ്‌. കെ.എസ്‌.യു ഇടതു വശത്തെ ഷെഡിലും എസ്‌.എഫ്‌.ഐ വലത്തേ ഷെഡിലുമായി നീങ്ങുകയാണ്‌. പുഷ്‌പുള്‍ ട്രെയിന്‍ പോലെയാണ്‌ പ്രകടനങ്ങള്‍. ഒരറ്റത്തെത്തുമ്പോള്‍ പ്രകടനം വട്ടം തിരിഞ്ഞ്‌ എതിര്‍ദിശയിലേക്ക്‌ നീങ്ങും. ആദ്യം മുന്നില്‍ നീങ്ങിയിരുന്നവര്‍ അപ്പോള്‍ പിന്നിലാകും. ഇത്‌ ഒരു പത്ത്‌ തവണയെങ്കിലും ആവര്‍ത്തിക്കും.







അതുവരെ ഒരു സംഘടനയുടെയും പ്രകടനത്തിന്‌ നിന്നു കൊടുക്കാത്ത സാബു അന്ന്‌ എസ്‌.എഫ്‌.ഐയുടെ പ്രകടനത്തില്‍ കയറിപ്പറ്റി. അത്‌ ഒരറ്റത്തെത്തി തിരിയുന്ന സമയത്ത്‌ അവന്‍ അവിടെ നിന്നും ചാടി ഓടി എതിര്‍വശത്തെ വരാന്തയിലൂടെ നീങ്ങുന്ന കെ.എസ്‌.യുവിന്റെ പ്രകടനത്തിലെത്തും. അത്‌ തിരിയുമ്പോള്‍ വീണ്ടും എസ്‌.എഫ്‌.ഐയില്‍. അവിടെ നിന്ന്‌ വീണ്ടും കെ.എസ്‌.യുവിലേക്ക്‌. ഇത്‌ പ്രകടനത്തിന്റെ അവസാനം വരെ ആവര്‍ത്തിച്ചു കൊണ്ടിരുന്നു. അതാണ്‌ സാബു ചാക്കോ!






ഇനി ലാലാജിയിലേക്ക്‌ തിരികെ വരാം. ഭാ.അ.പ്ര.യുടെ നോട്ടീസുമായാണ്‌ സാബു പിറ്റേന്ന്‌ ക്ലാസിലെത്തിയത്‌. ``എടാ ലാലാജി ഏതോ മുതലാളിയാണെന്ന്‌ തോന്നുന്നു. കൈയിലുള്ള പൂത്ത പണം ചെലവാക്കാന്‍ ഒരു വഴി തേടി ഇറങ്ങിയിരിക്കുകയാ. നമുക്കൊരു യൂണിറ്റ്‌ ഇട്ടാലോ ? ചെലവിനുള്ള കാശൊക്കെ പുള്ളി തരും.'' സാബു അവതരിപ്പിച്ച ആശയവും എനിക്ക്‌ സ്വീകാര്യമായി തോന്നിയില്ല. ഞാന്‍ പറഞ്ഞു-``എനിക്ക്‌ താത്‌പര്യമില്ല. നീ വേണേല്‍ നോക്കിക്കോ.''




ദീപസ്‌തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം എന്ന നിലപാടുമായി അവന്‍ ലാലാജിക്ക്‌ കത്തെഴുതാനിരുന്നു. രാജ്യത്തെ അതിപുരോഗതിയിലേക്ക്‌ നയിക്കാനുള്ള ലാലാജിയുടെ ഉദ്യമത്തില്‍ താനും പങ്കാളിയാവുകയാണെന്നും ഭാ.അ.പ്ര.യുടെ യൂണിറ്റ്‌ സ്ഥാപിക്കാന്‍ ആഗ്രഹമുണ്ടെന്നും കത്തിലെഴുതി. പുതിയ യൂണിറ്റ്‌ സ്ഥാപിക്കുന്നതിനാവശ്യമായ പണം അയച്ചു തരണമെന്ന്‌ എഴുതാനുള്ള അവന്റെ ശ്രമം ഞാന്‍ വിലക്കി. ആദ്യ കത്തില്‍ ഇക്കാര്യം സൂചിപ്പിക്കുന്നത്‌ മഹാമോശമാണെന്ന എന്റെ അഭിപ്രായം അവന്‍ ചെവിക്കൊണ്ടു.






ഏറെ പ്രതീക്ഷകളോടെ കത്ത്‌ തയാറാക്കി കൂത്താട്ടുകുളം ടൗണില്‍ നിന്നും പോസ്റ്റ്‌ ചെയ്‌തു. ഭാ.അ.പ്ര-യുടെ കൂത്താട്ടുകുളം മേഖലയുടെയോ ഒരുപക്ഷേ എറണാകുളം ജില്ലയുടേയോ ചുമതല തന്നെ ഏല്‍പ്പിക്കുന്നതും പാര്‍ട്ടി ഓഫീസിലിരുന്ന്‌ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും അവന്‍ സ്വപ്‌നം കണ്ടിരിക്കാം. ഏതാണ്ട്‌ ഒരാഴ്‌ച കഴിഞ്ഞപ്പോഴേക്കും ഭാ.അ.പ്ര-യുടെ കേന്ദ്രകമ്മിറ്റി ഓഫീസില്‍ നിന്നും അയച്ച മറുപടിക്കത്ത്‌ സാബുവിന്‌ ലഭിച്ചു.





ആകാംക്ഷയോടെ വളരെ വേഗം അവന്‍ കത്ത്‌ പൊട്ടിച്ച്‌ വായിക്കാനാരംഭിച്ചു.
അതിലെ സന്ദേശം ഏതാണ്ട്‌ ഇപ്രകാരമായിരുന്നു.``പ്രിയ സുഹൃത്തേ, ഭാ.അ.പ്ര-യുടെ യൂണിറ്റ്‌ രൂപീകരിക്കുന്നതിന്‌ താത്‌പര്യം പ്രകടിപ്പിച്ചു കൊണ്ടുള്ള താങ്കളുടെ കത്ത്‌ കിട്ടി. താങ്കളെപ്പോലെ ചുറുചുറുക്കുള്ള യുവാക്കളെയാണ്‌ ഈ നാടിനും ഭാ.അ.പ്ര-ക്കും ആവശ്യം. രാജ്യപുരോഗതിക്ക്‌ ഭാ.അ.പ്ര ശക്തിപ്പെടേണ്ടതുണ്ട്‌. സംഘടനയുടെ പ്രവര്‍ത്തനത്തിനാവശ്യമായ പണത്തിന്റെ ദൗര്‍ലഭ്യമാണ്‌ നമ്മള്‍ നേരിടുന്ന ഏറ്റവും വലിയപ്രശ്‌നം. അതിനാല്‍ കഴിയുന്നതും വേഗം താങ്കളാല്‍ കഴിയുന്ന സംഭാവന അയച്ചു തരിക.....'' കത്ത്‌ വായിച്ച്‌ തുടങ്ങിയ അവന്‍ അടുത്ത്‌ ഞാന്‍ മാത്രമേയുള്ളുവെന്ന്‌ ഉറപ്പ്‌ വരുത്തി. പിന്നെ അത്‌ ചുരുട്ടി ദൂരേക്കെറിഞ്ഞു. എനിക്ക്‌ ഉള്ളില്‍ ചിരിപൊട്ടി.






പിന്നീട്‌ ഇക്കാര്യം സൂചിപ്പിക്കുമ്പേഴെല്ലാം അവന്‍ വിഷയം മാറ്റി വിടും. എന്നിട്ട്‌ അക്കാലത്ത്‌ സൂപ്പര്‍ഹിറ്റായിരുന്ന ഇന്‍ ഹരിഹര്‍നഗറിലെ ഉന്നം മറന്ന്‌ തെന്നിപ്പറന്ന പൊന്നിന്‍ കിനാക്കളെല്ലാം എന്ന ഗാനം വരികള്‍ തെറ്റിച്ച്‌ ഇങ്ങിനെ പാടും-സുന്നം മറന്ന്‌ സുന്നിപ്പറന്ന സുന്നിന്‍ കിനാക്കളെല്ലാം ഒന്നിച്ചെടുത്ത്‌ കരളിന്നകത്ത്‌ പൊട്ടിത്തെറിച്ചതല്ലോ...
ഇപ്പോള്‍ കെ.എസ്‌.ആര്‍.ടി.സി ചെങ്ങന്നൂര്‍ ഡിപ്പോയില്‍ ദീര്‍ഘദൂര ബസുകളുടെ ഡ്രൈവറാണ്‌ സാബു. ഇക്കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ അവന്‍ ജോലി കഴിഞ്ഞ്‌ കൂത്താട്ടുകുളം ടൗണില്‍ നിന്നും എന്റെ ബൈക്കിന്‌ പിന്നില്‍ കയറി. ആനുകാലിക രാഷ്‌ട്രീയം ചര്‍ച്ച ചെയ്‌ത്‌ പോരുമ്പോള്‍ ആലുവ പോലീസ്‌ സ്റ്റേഷനില്‍ വെടിയുതിര്‍ത്ത്‌ ശ്രദ്ധേയനായ ഹിമവല്‍ ഭദ്രാനന്ദ പുതിയ പാര്‍ട്ടി രൂപീകരിച്ച കാര്യവും ചര്‍ച്ചാവിഷയമായി. അപ്പോള്‍ ഞാന്‍ ലാലാജിയുടെ ഭാ.അ.പ്ര.യുടെ കാര്യം എടുത്തിട്ടു. 20 വര്‍ഷത്തോളം മുമ്പുള്ള ആ പഴയ സംഭവം ഓര്‍ത്ത്‌ നിര്‍ത്താതെ ചിരിച്ചു കൊണ്ടാണ്‌ ഞങ്ങള്‍ വീട്ടിലെത്തിയത്‌.




അന്ന്‌ ആ മറുപടിക്കത്ത്‌ കിട്ടിയതിന്‌ ശേഷം ഒരിക്കല്‍ പോലും ലാലാജിയെക്കുറിച്ചോ അദ്ദേഹത്തിന്റെ പാര്‍ട്ടിയെക്കുറിച്ചോ ഞങ്ങള്‍ കേട്ടിട്ടില്ല. അതേക്കുറിച്ച്‌ എന്തെങ്കിലും പിടിയുള്ളവര്‍ അറിയിക്കുമല്ലോ.

അടുത്ത
പഴങ്കഥയുമായി വീണ്ടും കാണും വരെ ഗുഡ്‌ബൈ.